തിരുവനന്തപുരം: മൂന്നേകാൽ കഞ്ചാവുമായി രണ്ട് പേരെ ചിറയിൻകീഴില്‍ വച്ച് എക്സൈസ് പിടികൂടി. ചിറയിൻകീഴ് കിഴുവിലം കാട്ടു മുറാക്കൽ ബീമാ മൻസിലിൽ ബുഹാരി (34) കീഴാറ്റിങ്ങൽ ചക്കിവിള ലക്ഷ്മി ഭവനിൽ മനോജ് (36) എന്നിവരാണ് ചിറയിൻകീഴ് എക്സൈസ് റേഞ്ച് സബ് ഇൻസ്പെക്ടർ ജി.കൃഷ്ണ കുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്.

മനോജിന്റെ പക്കൽ നിന്നും 1.750 ഗ്രാം, ബുഹാരിയുടെ കയ്യിൽ നിന്നും 1.500 ഗ്രാം കഞ്ചാവും ഇവർ രക്ഷപ്പെടുവാനായി ഉപയോഗിച്ച ബൈക്കുകളും പിടികൂടി. രാവിലെ 8 മണിയോടെ കഞ്ചാവ് വാങ്ങുന്ന വ്യാജേന മനോജിന്റെ വീട്ടിലെത്തിയ എക്സൈസ് സംഘം വീട് വളഞ്ഞാണ് പിടികൂടിയത്. മനോജ് പിടിയിലായതോടെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ബുഹാരിയേയും പിടികൂടിയത്. രണ്ടു ദിവസത്തിന് മുൻപ് കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ചതിന്റെ പേരിൽ കോളേജ് വിദ്യാർത്ഥികളെ പിടികൂടിയിരുന്നു.

തുടർന്ന് നടത്തിയ വ്യാപക റെയ്ഡിലാണ് ഇരുവരും അറസ്റ്റിലായത്. മധുരയിൽ നിന്നും ട്രെയിൻ മാർഗ്ഗം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ചെറിയ പൊതിയാക്കി വിതരണം ചെയ്തു വരികയാണ് പതിവ്. മനോജിനെതിരെ ഇതിനു മുൻപും കഞ്ചാവ് വിറ്റതിന്‍റെ പേരിൽ നിരവധി കേസ്സുകൾ നിലവിലുണ്ടെന്നും റേഞ്ച് സബ് ഇൻസ്പെക്ടർ പറഞ്ഞു.