ജൂണ്‍ പത്തിനാണ് ബീഫ് കടത്തിയതിന് രണ്ട് ബീഫ് വ്യാപാരികളെ ഗോ രക്ഷാ ദള്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഹരിയാനയിലെ മനേസര്‍-പല്‍വല്‍ അതിവേഗ പാതയില്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ഇവരെ കാറില്‍ നിന്നും പുറത്തിറക്കി കാര്‍ പരിശോധിച്ച് ബീഫ് കണ്ടെത്തിയതിന് ശേഷമാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം കൈയ്യില്‍ സൂക്ഷിച്ച ചാണകം നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയായിരുന്നു. സംഭവം മുഴുവനും മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചു. ചാണകവും, തൈരും, പാലും, നെയ്യും ചേര്‍ത്ത മിശ്രിതമാണ് കഴിപ്പിക്കുന്നതെന്നും ബീഫ് കടത്തുന്നവര്‍ക്കെല്ലാം ഇത് പാഠമാകട്ടെയെന്നും ആക്രോഷിച്ചായിരുന്നു അക്രമം. കഴിഞ്ഞ കുറെ ആഴ്ച്ചകളായി കന്നുകാലികളെ കടത്തുന്ന സംഘവും ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഈ ആക്രമണം. റിസ്വാന്‍, മുഖ്താര്‍ എന്നീ ബീഫ് വ്യാപാരികളെ കൊണ്ട് അതിവേഗം ചാണകം കഴിപ്പിച്ചതിന് ശേഷം ഇവരെ പോലീസില്‍ ഏല്‍പിച്ചു. ബീഫാണ് കൈവശം വച്ചതെന്ന് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞെന്നും ഇവരെ പിന്നീട് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ചാണകം കഴിപ്പിച്ചതും, വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയും സംബന്ധിച്ച് ഹരിയാന പോലീസ് ഇതു വരെയും പ്രതികരിച്ചിട്ടില്ല.