തിരുവനന്തപുരം: പെരുമാതുറയില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു രണ്ടു പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ആന്റണി, പസ്‌കാസ് എന്നിവരാണു മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു തകര്‍ന്ന് ബോട്ടുമായി മത്സ്യ തൊഴിലാളികള്‍ പ്രദേശത്ത് മണിക്കൂറുകളോളം റോഡ് ഉപരോധിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.

അഞ്ചുതെങ്ങില്‍നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടാണു മുതലപ്പൊഴി അഴിമുഖത്തു വൈകിട്ടോടെ അപകടത്തില്‍പ്പെട്ടത്. അഴിമുഖത്തെ തിരയില്‍പ്പെട്ടു ബോട്ട് മറിയുകയായിരുന്നു. തോണിക്കടവ് സ്വദേശി ആന്റണി, പസ്‌കസ് എന്നിവരാണു മരിച്ചു. കടലില്‍ വീണ വിന്‍സെന്റ്, ലോറന്‍സ് എന്നിവരെ മറ്റു തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷപ്പെടുത്തി. മുതലപ്പൊഴിയിലെ അഴിമുഖത്ത് അപകടം പതിവാണെന്നാണു തൊഴിലാളികള്‍ പറയുന്നത്.

രോഷാകുലരായ മത്സ്യ തൊഴിലാളികള്‍ പിന്നീടു മുതലപ്പൊഴി റോഡില്‍ തകര്‍ന്ന ബോട്ടുമായി പ്രതിഷേധം തുടങ്ങി. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബോട്ട് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അഴിമുഖത്തെ പ്രശനം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറപ്പു വേണമെന്നായി പ്രതിഷേധക്കാര്‍. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണു പ്രശനം പരിഹരിച്ചത്.