ദില്ലി: ബോളിവുഡ് സംവിധായകനെയും രാഷ്ട്രീയ നേതാവിനെയും കൊല്ലാന്‍ വാടകക്കൊലയാളികള്‍ക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി ഛോട്ടാ ഷക്കീല്‍ പണം നല്‍കിയതായി റിപ്പോട്ട്. പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ എഴുത്തുകാരന്‍ താരിക് ഫത്തായ്ക്ക് നേരേയുണ്ടായ വധശ്രമത്തില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ദില്ലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഈ കുറ്റപത്രത്തിലാണ് ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. ഫത്തായ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഷാര്‍പ്പ് ഷൂട്ടറായ ജുനൈദ് ചൗദരി, ഷഹബാസ്, നസീം എന്നിവര്‍ പൊലീസ് പിടിയിലായിരുന്നു. ഫത്തായെ കൂടാതെ മൂന്‍ വിഎച്ച്പി ആക്റ്റിവിസ്റ്റായ റോബിന്‍ ശര്‍മ്മ, വിശാല്‍ മിശ്ര, വിനോദ് രമണി തുടങ്ങിയവരെ വകവരുത്താന്‍ ഛോട്ടാ ഷക്കീല്‍ ആവശ്യപ്പെട്ടിരുന്നതായി പിടിയിലായ നസീം പൊലീസിനോട് പറഞ്ഞിരുന്നു.

ഇതിനായി വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ സര്‍വ്വീസിലൂടെ ദുബായില്‍ നിന്ന് ദില്ലിയിലേക്ക് ഛോട്ടാ ഷക്കീല്‍ പണമയച്ചിരുന്നു. ഇതുകൂടാതെ ഹവാല ഇടപാടുകള്‍ വഴിയും വയര്‍ ട്രാന്‍സ്ഫര്‍ വഴിയും ഛോട്ടാ ഷക്കീല്‍ പണം കൈമാറിയിരുന്നു.

'കോഫി വിത്ത് ഡി' എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും സംവിധായകനുമാണ് വിനോദ് രമണിയും വിശാല്‍ മിശ്രയും. ദാവൂദ് ഇബ്രാഹിമിന്‍റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് ചിത്രം. ഇതാണ് ച്ഛോട്ടാ ഷക്കീലിനെ പ്രകോപിപ്പിച്ചത്.