ദോഹ: ഇന്ത്യന്‍ സംഗീത ലോകത്തെ രണ്ട് അതുല്യ പ്രതിഭകള്‍ ഇന്ന് ദോഹയില്‍ ഒരുമിക്കുന്നു. തബല മാന്ത്രികന്‍ സക്കീര്‍ ഹുസൈനും ഗസല്‍ ചക്രവര്‍ത്തി ഹരിഹരനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഹാസിര്‍ എന്ന ഗസല്‍ സംഗീത പരിപാടി ഇന്ന് വൈകീട്ട് ഏഴു മണിക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് അരങ്ങേറുന്നത്.
സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തിലുള്ള കലാ സംഗീത പഠന കേന്ദ്രമായ മ്യൂസിക് ലോഞ്ചാണ് ദോഹയിലെ സംഗീതാസ്വാദകര്‍ക്കായി അപൂര്‍വ പ്രതിഭകളെ അണിനിരത്തി സംഗീത വിരുന്നൊരുക്കുന്നത്. ഹാസിര്‍ 2 ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇരുവരും ഖത്തറിലെത്തുന്നതെന്ന് ഇന്ന് രാവിലെ വെസ്റ്റിന്‍ ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്കോ, സിഡ്നി, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളോടൊപ്പമാണ് ഹാസിര്‍ പരിപാടിക്ക് ഇത്തവണ ദോഹയും തിരഞ്ഞെടുത്തിരിക്കുന്നതെന്ന് മ്യൂസിക് ലോഞ്ച് ഡയറക്ടര്‍ സ്റ്റീഫന്‍ ദേവസി പറഞ്ഞു. ഹരിഹരന്റെ സ്വരമാധുരിയും സാക്കിര്‍ ഹുസൈന്റെ മാന്ത്രിക വിരല്‍ സ്പര്‍ശവും ഒരുമിക്കുമ്പോള്‍ ഖത്തറിലെ സംഗീത പ്രേമികള്‍ക്ക് ഒരു സുന്ദര രാവായിരിക്കും അതു സമ്മാനിക്കുകയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
2012ലും 2014ലും ഗസല്‍ പരിപാടികളുമായി താന്‍ ഖത്തറിലെത്തിയിട്ടുണ്ടെന്നും തനിക്ക് ഇഷ്‌ടപ്പെട്ട പ്രദേശങ്ങളിലൊന്നാണ് ഖത്തറെന്നും ഹരിഹരന്‍ പറഞ്ഞു. 1998ല്‍ രാജ്യം പദ്മശ്രീയും 2002ല്‍ പദ്മ ഭൂഷണും നല്‍കി ആദരിച്ച സക്കീര്‍ ഹുസൈന്‍ ഇതാദ്യമായാണ് ദോഹയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ അംബസാഡര്‍ പി കുമരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
മ്യൂസിക് ലോഞ്ച് ഡയറക്ടര്‍ കൂടിയായ സ്റ്റീഫന്‍ ദേവസിയുടെ ഗ്രാന്‍ഡ് പിയാനോ വാദ്യത്തോട് കൂടിയാണ് സംഗീത രാവിന് തുടക്കമാവുക. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നേരം സാക്കിര്‍ ഹുസൈനും ഹരിഹരനും ക്യുഎന്‍സിസിയെ സംഗീത സാന്ദ്രമാക്കും.
