കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഏത് പ്രവര്‍ത്തനങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും യു.എ.ഇ സ്വീകരിക്കുകയെന്ന് അബുദാബി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ സലാഹ് അല്‍ ഹുമൈരി അറിയിച്ചു.
അബുദാബി: നിയന്ത്രണം വിട്ട കാറിടിച്ച് അബുദാബിയില് രണ്ട് കുട്ടികള്ക്ക് പരിക്കേറ്റു. ഞായറാഴ്ച ഖലീജ് അല് അറബ് സ്ട്രീറ്റിലാണ് സംഭവം. ഏഷ്യാക്കാരന് ഓടിച്ച വാഹനം ഇടിച്ച് മൂന്നും നാലും വയസ്സുള്ള കുട്ടികള്ക്കാണ് പരിക്കേറ്റത്. ഇവരെ ഷൈഖ് ഖലീഫ മെഡിക്കല് സിറ്റിയിലും മര്ഫഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാഹനം ഓടിച്ചയാള്ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. വാഹനമോടിച്ചയാളിനെതിരെയും കുട്ടികളുടെ പിതാവിനെതിരെയും പൊലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. കുട്ടികളുടെ ജീവന് അപകടത്തിലാക്കുന്ന ഏത് പ്രവര്ത്തനങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും യു.എ.ഇ സ്വീകരിക്കുകയെന്ന് അബുദാബി ട്രാഫിക് ഡിപ്പാര്ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര് ലഫ്. കേണല് സലാഹ് അല് ഹുമൈരി അറിയിച്ചു. അപകടത്തിന് കാരണമാകുന്ന തരത്തില് അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവര് നിയമനടപടികള് നേരിടേണ്ടി വരും. കുട്ടികളെ ശ്രദ്ധിക്കാത്തതിനാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
ഡ്രൈവര്ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതും കുട്ടികളെ കൂടെയുണ്ടായിരുന്ന മുതിര്ന്നവര് ശ്രദ്ധിക്കാത്തതുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ അന്വേഷണത്തില് വ്യക്തമായി. കുട്ടികളുടെ മേല് എപ്പോഴും ശ്രദ്ധവേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മുതിര്ന്നവര് ശ്രദ്ധിക്കാതെ കുട്ടികളെ പുറത്ത് കളിക്കാന് വിടുകയോ ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാന് അനുവദിക്കുകയോ ചെയ്യരുതെന്നും അധികൃതര് അറിയിച്ചു.
