കാസര്‍കോട്: തപാല്‍ വകുപ്പിന്റെ പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കാസര്‍കോഡ് പൊലീസിന്റെ പിടിയിലായി. ഹരിയാനയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വഴി പരീക്ഷാകേന്ദ്രത്തിലേക്ക് ഉത്തരങ്ങള്‍ അയപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
ഹരിയാന സ്വദേശികളായ കുല്‍വന്ത്, ഹരീഷ് എന്നിവരാണ് കാസര്‍കോഡ് പൊലീസിന്റെ പിടിയിലായത്. മൊബൈല്‍ഫോണും ഇയര്‍ഫോണും ശരീത്തില്‍ ഒളിപ്പിച്ച് പരീക്ഷക്കെത്തിയ ഇരുവരേയും ഇന്‍വിജിലേറ്റര്‍ പിടികൂടുകയായിരുന്നു. സംശയം തോന്നി പൊലീസിന് കൈമാറി ചോദ്യം ചെയ്തപ്പോഴാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് അറിഞ്ഞത്. ഒരു ചോദ്യപേപ്പറിലെ കോഡ് നമ്പര്‍ കുല്‍വന്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഹരിയാനയിലെ ഒരു നമ്പറിലേക്ക് സന്ദേശമായി അയച്ചതോടെ ഉത്തരങ്ങള്‍ സന്ദേശങ്ങളായി തന്നെ എത്തി. ഹരിയാന സ്വദേശി മുന്ന എന്നയാള്‍ക്കാണ് സന്ദേശം അയച്ചതെന്നാണ് കുല്‍വന്ത് പറയുന്നത്. മുന്ന നിര്‍ദ്ദേശ പ്രകാരം എറണാകുളമാണ് സെന്റര്‍ ആയി അപേക്ഷിച്ചിരുന്നതെന്നും പക്ഷെ കാസര്‍കോഡാണ് സെന്റര്‍ കിട്ടിയതെന്നും കുല്‍വന്ത് പൊലീസിനോട് പറഞ്ഞു. ഈ നമ്പര്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല.
ചോദ്യപേപ്പര്‍ ചോര്‍ത്തിയതിനു പിന്നില്‍ വന്‍ സംഘം തന്നെയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പൊലീസ് നിഗമനം. നേരത്തെ ഈ തസ്തികയിലേക്ക് ഹരിയാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നടന്ന പരീക്ഷ ക്രമക്കേട് കണ്ടത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
