സിനിമ സ്റ്റൈൽ ഏറ്റുമുട്ടലിലൂടെ രണ്ടുപേരെ വധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം 43 കുറ്റവാളികളെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്
ദില്ലി: ഉത്തര്പ്രദേശിൽ വീണ്ടും കുറ്റവാളികളെ ഏറ്റുമുട്ടലിലൂടെ വകവരുക്കി യോഗി ആദിത്യനാഥ് സര്ക്കാര്. 24 മണിക്കൂറിനിടെ പൊലീസ് നടത്തിയ ആറ് ഏറ്റുമുട്ടലിൽ രണ്ട് കുറ്റവാളികൾ കൊല്ലപ്പെട്ടു. യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം 43 കുറ്റവാളികളെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്
കുറ്റം ചെയ്തവര് ശിക്ഷിക്കപ്പെടുമെന്ന യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുപിയിൽ 1200 ഏറ്റുമുട്ടലുകളിൽ 40 പേരാണ് കൊല്ലപ്പെട്ടത്. നിയമവിരുദ്ധമായാണ് ഏറ്റുമുട്ടലുകൾ നടത്തുന്നതെന്ന വിമര്ശനത്തിനിടെയാണ് ഇന്നലെ അര്ദ്ധരാത്രിയിൽ പശ്ചിമ യുപിയിൽ ഏറ്റുമുട്ടൽ പരമ്പരയുണ്ടായത്. തോക്കുമായെത്തിയ കുറ്റവാളികളെയാണ് നേരിട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. നോയിഡയിൽ കുറ്റവാളികൾക്കായുള്ള തെരച്ചിലിനൊടുവിലാണ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ശ്രാവൺ ചൗധരിയെ ഏറ്റുമുട്ടലിലൂടെ പൊലീസ് വധിച്ചത്.
രണ്ട് പൊലീസുകാര്ക്ക് പരിക്കേറ്റു. എ കെ 47 തോക്കും പൊലീസ് പിടിച്ചെടുത്തു. സഹാറൻപൂരിൽ പണം മോഷ്ടിച്ച് ബൈക്കിൽ പോകുകയായിരുന്ന അഹ്സനെ പൊലീസ് തടഞ്ഞ് നിര്ത്തിയാണ് നേരിട്ടത്. ചെക്പോസ്റ്റിലെ പൊലീസുകാര്ക്കുനേനെ വെടിവച്ച അഹ്സനെ ഏറ്റുമുട്ടലിലൂടെ കീഴടക്കി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അഹ്സൻ മരിച്ചത്. ഗാസിയാബാദിൽ രാഹുൽ, സോനു എന്നിവരെ ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിനിടെ രണ്ട് പൊലീസുകാര്ക്ക് പരിക്കേറ്റു. മുസാഫര് നഗറിൽ 10 ക്രിമിനൽ കേസുകളിൽ പ്രതിയായ ജാവേദ്, റഹീസ് എന്നിവരേയും ഏറ്റുമുട്ടലിലൂടെ പൊലീസ് കീഴടക്കി.
യുപിയിൽ കഴിഞ്ഞമാസം 48 മണിക്കൂറിനിടെ പൊലീസ് നടത്തിയ 18 ഏറ്റുമുട്ടലുകളിൽ 24 പ്രതികളെ അറസ്റ്റ് ചെയ്യുകയും ഒരാളെ വധിക്കുകയും ചെയ്തിരുന്നു. ഈ മാസം മാത്രം 10പേരെയാണ് യുപി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി ഏറ്റുമുട്ടൽ കൊലപാതകത്തിലൂടെ ഭീതി പരത്താനാണ് യോഗി ആദിത്യനാഥ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
