റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് അധ്യാപകര്‍ മരിച്ചു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപകനാണ് വെടിയുതിര്‍ത്തത്. മലയാളി വ്യവസായ പ്രമുഖന്‍ സണ്ണിവര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബല്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ കിങ്ഡം സ്‌കൂളിലാണ് സംഭവം.

വെടിവെപ്പില്‍ സ്‌കൂളിലുണ്ടായ രണ്ടു അധ്യാപകര്‍ മരിച്ചു. സൗദി, പലസ്തീനി പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റു. നാലുവര്‍ഷം മുമ്പ് സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിട്ട അധ്യാപകന്‍ സ്‌കൂളിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കിങ്ഡം ഹോള്‍ഡിങ് സി.ഇ.ഒ തലാല്‍ അല്‍ മൈമന്‍ അറിയിച്ചു. 

ഇറാഖ് സ്വദേശിയായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വഭാവ സ്ഥിരതയില്ലായ്മയും വൈകാരിക പ്രശ്‌നങ്ങളും കാരണമാണ് ഇയാളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതെന്നും അധികൃതര്‍ അറിയിച്ചു. വേനലവധിയായതിനാല്‍ സ്‌കൂളില്‍ അധ്യയനം ഉണ്ടായിരുന്നില്ല. റിയാദിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് വെടിവെപ്പുണ്ടായ കിങ്ഡം സ്‌കൂള്‍. അക്രമത്തിന് പിന്നാലെ ഈ മേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ എംബസി ട്വിറ്ററില്‍ നിര്‍ദേശം നല്‍കി. പരിഭ്രമിക്കാനൊന്നുമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ അറിയിച്ചു