ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സഹോദരങ്ങളായ മലയാളികള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചത്. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്തു നവാസ് ബഷീര്‍ - സൗമി ദമ്പതികളുടെ ആറു വയസ്സുകാരനായ സൗഹാനും നാലു വയസ്സുള്ള സൗഫാനും ആറു വയസ്സുകാരനായ ഗുജറാത്തി ബാലന്‍ ഹര്‍ദുമാണ് ഇവര്‍ താമസിച്ചിരുന്ന കോമ്പൗണ്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചത്.

ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന സ്വിമ്മിംഗ് പൂളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു.
ഇത് കാണാനെത്തിയ കുട്ടികള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാം എന്നാണ് നിഗമനം. ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച സൗഹാന്‍. ഇതേ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് സൗഫാന്‍.

ദമ്മാം മെഡിക്കല്‍ സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.
കുട്ടികളുടെ മരണത്തില്‍ അനുശോചിച്ചു ദമ്മാം ഇന്ത്യന്‍ സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.