ദില്ലി: അല്‍ അസ്ഹര്‍ കോളേജിന് പുറകെ കേരളത്തിലെ ഡി.എം.വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ കോളേജുകള്‍ നടത്തിയ എം.ബി.ബി.എസ് പ്രവേശനവും സുപ്രീംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം റദ്ദാക്കിയത്. അതേസമയം, എം.ബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് പുതിയ ഹര്‍ജി നല്‍കാന്‍ കോളേജുകള്‍ക്ക് കോടതി അനുമതി നല്‍കി.
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിയ തൊടുപുഴ അല്‍ അസ്ഹര്‍, അടൂര്‍ മൗണ്ട് സിയോണ്‍, ഡി.എം.വയനാട് എന്നീ കോളേജുകള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് കോളേജുകളിലായി 400 കുട്ടികള്‍ക്ക് പ്രവേശനം കിട്ടി. അംഗീകാരമില്ലാത്ത കോളേജുകള്‍ നടത്തിയ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി.ഐ നല്‍കിയ ഹര്‍ജിയിലാണ് രണ്ട് ദിവസം മുമ്പ് അല്‍ അസ്ഹര്‍ കോളേജിന്റെയും ഇന്ന് മൗണ്ട് സിയോണ്‍, ഡി.എം.വയനാട് കോളേജുകളിലെയും പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയത്.
അതേസമയം വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്തും, എം.ബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചു എന്ന് ചൂണ്ടിക്കാട്ടിയും പുതിയ ഹര്‍ജി നല്‍കാന്‍ മൂന്ന് കോളേജുകള്‍ക്കും സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. മൂന്ന് കോളേജുകളുടെയും ഹര്‍ജികള്‍ വെള്ളിയാഴ്ച കോടതി പരിഗണിക്കും. വെള്ളിയാഴ്ച കോളജുകളുടെ ഹര്‍ജി തള്ളിയാല്‍ 400 വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പഠനം മുടങ്ങും. അതല്ല വിദ്യാര്‍ത്ഥികളുടെ ഭാവി കോടതി കണക്കിലെടുത്താന്‍ ഒരുപക്ഷെ പഠനം തുടരാന്‍ അനുവദിച്ചേക്കും. മൂന്ന് കോളേജുകളിലെയും മെഡിക്കല്‍ പ്രവേശനം ശരിവെക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
