അരുണാചല്‍ പ്രദേശ്: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ടു യുവാക്കളെ നാട്ടുകാര്‍ പട്ടാപകല്‍ തല്ലിക്കൊന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കിയാണ് ആള്‍ക്കൂട്ടം ക്രൂരമായി വധശിക്ഷ നടപ്പാക്കിയത്.

അരുണാചല്‍ പ്രദേശിലെ നാംഗോ ഗ്രാമത്തില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സഞ്ജയ് സോബാര്‍, ജഗ്ദീഷ് ലോഹര്‍ എന്നിവരെയാണ് ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. തെസു പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന ഇവരെ ആളുകള്‍ ബലമായി പുറത്തു കൊണ്ടുവന്നതിന് ശേഷം നഗ്‌നരാക്കി തെരുവിലൂടെ വലിച്ചിഴച്ചു. ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി. ഇരുവരുടെയും കൈകള്‍ വെട്ടിമാറ്റി. 

മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം കത്തിച്ച് കളയാന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതിനാല്‍ വിജയിച്ചില്ല. കൊലപ്പെട്ട രണ്ടു പേരും ആസാം സ്വദേശികളാണ്. കസ്റ്റഡിയില്‍ വച്ച് ഇവര്‍ കുറ്റം സമ്മതിച്ചിരുന്നതായി പൊലീസ് അവകാശപ്പെട്ടു. സംഭവത്തില്‍ അരുണാചല്‍ മുഖ്യമന്ത്രി പ്രേമാ ഖണ്ഡു നടുക്കം രേഖപ്പെടുത്തി. 

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ജനം നിയമം കയ്യിലെടുക്കാന്‍ പാടില്ലായിരുന്നുവെന്നും പറഞ്ഞ ഖണ്ഡു സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അക്രമം നടക്കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന വനിതാ എസ്‌ഐ ഉള്‍പ്പെടെ മൂന്നുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.