എറണാകുളം: കോതമംഗലത്ത് രണ്ടുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പ്രദേശത്തെ തൊഴിലാളികള്‍ക്കിടയില്‍ വില്‍പനയ്ക്കെത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവെന്ന് പോലീസ് പറഞ്ഞു. ഒഡീഷ സ്വദേശികളായ ടിക്കന്‍ റൗത്ത്, അക്ഷയ് കുമാര്‍ എന്നിവരെയാണ് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തത്. 

പ്രദേശത്തെ ഒരു പ്ലൈവുഡ് കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഒഡീഷയില്‍ നിന്നെത്തിച്ച കഞ്ചാവ് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലെത്തി വില്‍പന നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നാണ് പോലീസ് ഇവരെ തൊണ്ടിസഹിതം പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.