Asianet News MalayalamAsianet News Malayalam

'കാണാതായ' രണ്ട് കോൺഗ്രസ് എംഎൽഎമാർ തിരിച്ചുവന്നു: കർ'നാടകം' തുടരുന്നു

കാണാതായ അഞ്ച് എംഎൽഎമാരിൽ രണ്ട് പേർ തിരികെയെത്തി. കോൺഗ്രസിന് താൽക്കാലികാശ്വാസം. പക്ഷേ, ആശങ്കയൊഴിയുന്നില്ല.

two missing mlas from congress are back
Author
Bengaluru, First Published Jan 16, 2019, 3:26 PM IST

ബെംഗലുരു: കാണാതായെന്ന് സംസ്ഥാനകോൺഗ്രസ് നേതൃത്വം പറഞ്ഞ അഞ്ച് എംഎൽഎമാരിൽ രണ്ട് പേർ തിരിച്ചെത്തി. ഹഗരിബൊമ്മനഹള്ളി മണ്ഡലത്തിലെ എംഎൽഎ ഭീമ നായ്‍കാണ് ഉച്ചയോടെ തിരിച്ചെത്തിയത്. സംസ്ഥാനത്തെ ഭരണപ്രതിസന്ധി ചർച്ച ചെയ്യാൻ ഭരണകക്ഷി എംഎൽഎമാർ യോഗം ചേരുന്നതിനിടെയാണ് യോഗവേദിയായ ബെംഗലുരുവിലെ സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് ഭീമ നായ്ക് എത്തിയത്. ഇന്ന് രാവിലെ മറ്റൊരു എംഎൽഎ തിരിച്ചെത്തിയിരുന്നു.

''ഞാൻ ഗോവയിൽ പോയതായിരുന്നു. മൊബൈൽ ചാർജർ എടുത്തിരുന്നില്ല. എനിക്ക് രണ്ട് നമ്പറുകളുണ്ട്. ഒന്ന് സ്വിച്ചോഫായി. രണ്ടാമത്തെ നമ്പർ ബിജെപി നേതാക്കളുടെ കൈയിലില്ലായിരുന്നു.'' ഗസ്റ്റ് ഹൗസിന് പുറത്ത് എംഎൽഎ ഭീമ നായ്ക് മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ കർണാടകത്തിൽ എത്ര എംഎൽഎമാർ, ഏതൊക്കെ എംഎൽഎമാർ ബിജെപിക്കൊപ്പം പോയെന്ന കാര്യത്തിൽ വ്യക്തത വരികയാണ്. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ രമേഷ് ജാർക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീൽ, ബെല്ലാരിയിലെ എംഎൽഎ വി നാഗേന്ദ്ര, കൽബുർഗിയിലെ നേതാവ് ഉമേഷ് യാദവ് എന്നിവർ കളം മാറിയെന്ന് കോൺഗ്രസ് നേതാക്കൾ  തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ആർ ശങ്കർ, എച്ച് നാഗേഷ് എന്നിവരുടെ പിന്തുണ ബിജെപി ഇന്നലെ ഉറപ്പാക്കിയിരുന്നു. എല്ലാവരും മുംബൈയിലെ ഹോട്ടലിലാണ്  ഉളളത്.

ഇവരുമായി കോൺഗ്രസ് നേതാക്കൾ സംസാരിച്ചുവരികയാണ്. സർക്കാരിനെ താഴെയിടാനല്ല മറിച്ച് ബെല്ലാരി,കൽബുർഗി തുടങ്ങിയ ജില്ലകളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടം ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കങ്ങളെന്ന് സൂചനയുണ്ട്. ജെഡിഎസ് എംഎൽഎമാരെ നോട്ടമിടാത്തതും ഇതുകൊണ്ടാണെന്നാണ് വിവരം. എംഎൽഎമാരെ ഹരിയാനയിൽ തന്നെ നിർത്തി സമ്മർദ തന്ത്രം  പയറ്റാനാണ് തീരുമാനം.സഖ്യത്തെ അസ്ഥിരപ്പെടുത്താൻ ബിജെപിക്ക് കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാക്കൾ മുഴുവൻ എംഎൽഎമാരായും സംസാരിച്ചുവരികയാണ്. റിസോർട്ടിലേക്ക് എംഎൽഎമാരെ മാറ്റേണ്ടതില്ല എന്നാണ് തീരുമാനം. ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ ഹരിയാനയിലെ ഹോട്ടലിന് മുന്നിലും ബെംഗളൂരുവിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. 

കണക്കിലെ കളികളെന്ത്?

ആകെ എംഎൽഎമാർ : 224

കേവലഭൂരിപക്ഷത്തിന് : 113 എംഎൽഎമാർ

സ്പീക്കർ - 1 (കോൺഗ്രസ് അംഗം)

കോൺഗ്രസ് - 79

ജെഡിഎസ് - 37

ബിജെപി - 104

സ്വതന്ത്രർ - 2

ബിഎസ്പി - 1

അതായത് 14 എംഎൽഎമാരെങ്കിലും കളംമാറിച്ചവിട്ടിയാലേ സർക്കാർ താഴെ വീഴൂ എന്നർഥം. 37 അംഗങ്ങളുള്ള ജെഡിഎസ്സിൽ നിന്ന് എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് കണ്ടാണ് ഉത്തര കർണാടക മേഖലയിലെ കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യമിട്ട് ബിജെപി മുന്നോട്ട് നീങ്ങുന്നത്. ബിജെപിയുടെ ഓപ്പറേഷൻ താമര കർണാടകത്തിൽ വിജയം കാണുമോ? കാത്തിരുന്ന് കാണണം. 

Follow Us:
Download App:
  • android
  • ios