കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകള്‍ നീണ്ടു ആംബുലന്‍സ് ജീവനക്കാരുടെ അനാസ്ഥയെന്ന് കുഞ്ഞിന്‍റെ ബന്ധുക്കള്‍
റായ്പൂര്: ഹൃദയ ശസ്ത്രക്രിയയ്ക്കായി റായ്പൂരിലെ ഡോ.ഭീം റാവു അംബേദ്കര് ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞിന് അടച്ചിട്ട ആംബുലന്സിനകത്ത് വച്ച് ദാരുണാന്ത്യം. ഛത്തീസ്ഗഢ് സ്വദേശിയായ അംബിക കുമാറിന്റെ രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് ജീവനക്കാരുടെ അനാസ്ഥ മൂലം ആംബുലന്സിനകത്ത് വച്ച് മരിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്ന്ന് കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലെ ആശുപത്രിയിലേക്ക് എത്തിക്കാന് ദില്ലി എയിംസിലെ ഡോക്ടര്മാരാണ് നിര്ദേശിച്ചത്. റായ്പൂരിലേക്ക് ട്രെയിന് മാര്ഗ്ഗമെത്തിയ കുടുംബം തുടര്ന്ന് സഞ്ജീവനി എക്സ്പ്രസിന്റെ ആംബുലന്സ് വിളിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയ ശേഷം കുഞ്ഞിനെ പുറത്തെടുക്കാന് കുമാര് ആംബുലന്സിനടുത്തേക്ക് ചെന്നു. പല തവണ ശ്രമിച്ചിട്ടും വാതില് തുറക്കാനായില്ല. ആംബുലന്സ് ജീവനക്കാരും വാതില് തുറക്കാന് ശ്രമിച്ചു പരാജയപ്പെട്ടു. അപ്പോഴൊക്കെയും ചില്ലിനുള്ളിലൂടെ അകത്ത് കുഞ്ഞ് കിടക്കുന്നത് കുമാറിന് കാണാമായിരുന്നു.
വാതില് തുറക്കാനുള്ള ശ്രമം മണിക്കൂറുകള് നീണ്ടതോടെ കുമാര് ആംബുലന്സിന്റെ ജനാലച്ചില്ലുകള് തകര്ത്ത് കുഞ്ഞിനെ പുറത്തെടുക്കാന് തുനിഞ്ഞു. എന്നാല് സര്ക്കാര് വാഹനം തല്ലിത്തകര്ക്കാന് അനുവദിക്കില്ലെന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം. തുടര്ന്ന് മെക്കാനിക്ക് എത്തിയാണ് വാതില് തുറന്നത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
നേരത്തേ പുറത്തെടുക്കാനായിരുന്നെങ്കില് കുഞ്ഞിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കള് പറയുന്നത്. അതേസമയം കുഞ്ഞ് നേരത്തേ മരിച്ചുപോയിരുന്നുവെന്നും തങ്ങള് ഉത്തരവാദികളല്ലെന്നുമാണ് ആംബുലന്സ് ജീവനക്കാരുടെ നിലപാട്.
