ഇതോടെ പുറത്തെത്തിയവരുടെ എണ്ണം പത്തായി ഇനി പുറത്തെത്താനുള്ളത് മൂന്ന് കുട്ടികളും പരിശീലകനും കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

ബാങ്കോക്ക്: വടക്കന്‍ തായ്‍ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ രണ്ട് കുട്ടിയെ കൂടി രക്ഷപ്പെടുത്തി. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം പത്തായി. രണ്ട് കുട്ടികളും പരിശീലകനുമാണ് ഇനി ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്.

മൂന്നാം ഘട്ട രക്ഷാപ്രവർത്തനം തുടരുകയാണ്. എല്ലാവരെയും ഇന്ന് തന്നെ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. പുറത്തെത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രതീക്ഷിച്ചതിലും നേരത്തെയാണ് മൂന്നാം ദിവസത്തെ രക്ഷാ പ്രവർത്തനം തുടങ്ങിയത്.

മഴ പെയ്യാൻ തുടങ്ങിയതോടെ ദൗത്യം വേഗത്തിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെപ്പോലെ ബഡ്ഡി ഡൈവിംഗ് രീതിയില്‍ തന്നെയാകും കുട്ടികളെ പുറത്തെത്തിക്കുക. അഞ്ച് പേരെയും ഒരുമിച്ച് പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് ഡൈവർമാരാണ് ഒരോ കുട്ടിയോടുമൊപ്പം ഗുഹയിലെ ദുർഘടമായ വഴികളിൽ അനുഗമിക്കുന്നത്.

കുട്ടികളുള്ള സ്ഥലം മുതൽ ഗുഹയുടെ പുറത്തുവകെ കയര്‍ കെട്ടിയിട്ടുണ്ട്. നീന്തൽ വസ്ത്രങ്ങൾ ധരിച്ച കുട്ടികളുടെ മുന്നിലും പിന്നിലുമായി ഡൈവർമാർ. ഇവരിലൊരാളുടെ കയ്യിൽ ഓക്സിജൻ ടാങ്ക്. ഗുഹാമുഖം വരെയുള്ള കയറിൽ പിടിച്ച് ഇവർ പുറത്തേക്കെത്തും. ഇതേ രീതി തന്നെ ഇന്നും ആവർത്തിക്കാനാണ് രക്ഷാപ്രവർത്തകരുടെ പദ്ധതി. ഗുഹയിലെ ഇടുങ്ങിയ വഴികളും ചെളി നിറഞ്ഞ പാതയും ഉയരുന്ന ജലനിരപ്പും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 

ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്ക് പോഷകാഹാരക്കുറവും നിർജലീകരണവുമുള്ളതിനാൽ ഒരാഴ്ച കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും. ആദ്യം പുറത്തെത്തിച്ച നാല് കുട്ടികളെ കാണാൻ രക്ഷിതാക്കളെ അനുവദിച്ചു. അണുബാധയുണ്ടാകുമെന്നതിനാൽ ദൂരെ നിന്നാണ് ഇവർ കുട്ടികളുമായി സംസാരിച്ചത്. എല്ലാ കുട്ടികളും ഇപ്പോഴും സൺഗ്ലാസുകൾ ധരിച്ചാണ് ആശുപത്രിയിൽ കഴിയുന്നത്. വരും ദിവസങ്ങളിൽ ഗ്ലാസുകൾ നീക്കം ചെയ്യുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.