Asianet News MalayalamAsianet News Malayalam

ഷാരുഖ് ഖാനെ കാണാനെത്തി ഇന്ത്യയില്‍ ജയിലിലായ പാക് പൗരനെ വിട്ടയച്ചു

ഷാരുഖ് ഖാനെ കാണാനായി നിയമപരമായ രീതിയില്‍ തന്നെ ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന് പറഞ്ഞ ശേഷമാണ് അബ്ദുള്ള മടങ്ങിയത്. 2008ല്‍ അനധികൃതമായി ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാര്‍സി പിടിയിലാകുന്നത്

two pak nationals sent back from jail
Author
Wagah, First Published Dec 26, 2018, 5:14 PM IST

ദില്ലി: ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ട് പാക്കിസ്ഥാന്‍ പൗരന്മാരെ മോചിപ്പിച്ചു.  ആറ് വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ പൗരന്‍ ഹാമിദ് അന്‍സാരിയെ കഴിഞ്ഞ ദിവസം വിട്ടയച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. മുഹമ്മദ് ഇമ്രാന്‍ വാര്‍സി, അബ്ദുള്ള ഷാ എന്നിവരെയാണ് ഇന്ത്യ മോചിപ്പിച്ചത്.

ബോളിവുഡ‍് താരം ഷാരുഖ് ഖാനെ കാണാനുള്ള മോഹം കൊണ്ടാണ് അബ്ദുള്ള ഷാ ഇന്ത്യയില്‍ എത്തിയത്. കള്ള പാസ്പോര്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വാര്‍സി പിടിയിലായത്. വാഗ അതിര്‍ത്തിയില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെ ഇവരെ പാക് റേഞ്ചേഴ്സിന് കെെമാറി.

19 മാസം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് അബ്ദുള്ള  മോചിതനാകുന്നത്. അതേസമയം, പത്ത് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച ശേഷമാണ് വാര്‍സി ജന്മനാട്ടിലേക്ക് തിരിച്ച് പോകുന്നത്. ഷാരുഖ് ഖാനെ കാണാനുള്ള ആഗ്രഹവുമായി  അട്ടാറി-വാഗ അതിര്‍ത്തി ലംഘിച്ച് കഴിഞ്ഞ വര്‍ഷമാണ് അബ്ദുള്ള ഷാ (21) ഇന്ത്യയില്‍ എത്തിയത്.

വാഗ അതിര്‍ത്തിയില്‍ പതാക താഴ്ത്തുന്ന ചടങ്ങില്‍ സാക്ഷിയായ ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഷാരുഖ് ഖാനെ കാണാനായി നിയമപരമായ രീതിയില്‍ തന്നെ ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന് പറഞ്ഞ ശേഷമാണ് അബ്ദുള്ള മടങ്ങിയത്. 2008ല്‍ അനധികൃതമായി ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാര്‍സി പിടിയിലാകുന്നത്.

2003ല്‍ നിയമപരമായ രീതിയില്‍ ഇന്ത്യയില്‍ എത്തിയ വാര്‍സി, ഷാസിയ എന്ന ഇന്ത്യന്‍ പൗരയെ വിവാഹം ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. തുടര്‍ന്ന് ഭാര്യാ പിതാവിന്‍റെ സ്വത്ത് ആവശ്യപ്പെട്ടാണ് വീണ്ടുമെത്തിയത്. തന്‍റെ കുടുംബത്തെ കുടുംബത്തെ പാക്കിസ്ഥാനിലേക്ക് കൊണ്ടു പോകുന്നത് കഠിനമാണെങ്കിലും നിയമപരമായി അത് ചെയ്യുമെന്ന് വാര്‍സി പറഞ്ഞു. ബന്ധുക്കള്‍ ചതിച്ച ഇന്ത്യയില്‍ കഴിയാന്‍ താത്പര്യമില്ലെന്നും വാര്‍സി കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios