പാലക്കാട് അട്ടപ്പാടി സ്വദേശികളാണ് പിടിയിലായവര്‍

മലപ്പുറം: കരുവാരകുണ്ടിൽ എട്ടുകിലോ കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയില്‍. മലയോര മേഖലയിലെ ചെറുകിട വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണികളായ വിൽസൺ, വിമൽ എന്നിവരാണ് പിടിയിലായത്. പാലക്കാട് അട്ടപ്പാടി സ്വദേശികളാണ് ഇവര്‍.

കഞ്ചാവുമായി മൊത്ത കച്ചവടക്കാർ ഇന്ന് എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംലമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കഞ്ചാവു കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റടിയിലെടുത്തു. രണ്ടു ബാഗുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്.

തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നല്‍കി. സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘങ്ങൾ കരുവാരകുണ്ട്, കാളികാവ്, ചോക്കാട് തുടങ്ങിയ മലയോര മേഖലയിൽ സജീവമാണ്. ഇതിനെതിരെ പരാതി വ്യാപകമായിരുന്നു. 

ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് പ്രതികളിൽ നിന്നും വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.പ്രതികളെ നാളെ മഞ്ചേരി കോടതിയിൽ ഹാജരാക്കും.