മാധ്യമ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി: തിങ്കളാഴ്ച നടന്ന അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധ സമരസ്ഥലത്ത് പ്രവർത്തകർ മാധ്യമ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിവാസൽ പൊട്ടൻകാട് ദേശീയം സ്വദേശി കണ്ടോത്താഴത്ത് സതീശൻ (51), ബൈസൻവാലി ടൗണിനു സമീപം താമസിക്കുന്ന പ്ലാത്തോട്ടത്തിൽ ശശി വേലായുധൻ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സതീശനെ തിങ്കളാഴ്ച രാത്രിയും ശശിയെ ഇന്നുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇവരെ സ്റ്റേഷനിൽ നിന്നും തന്നെ ജാമ്യത്തിൽ വിട്ടയച്ചു.
തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ അടിമാലി ടൗൺ സെൻട്രൽ ജംഗ്ഷനിലെ സമര വേദിയുടെ സമീപത്ത് വെച്ചായിരുന്നു ആക്രണം. സമരം അവസാനിക്കുന്നതിന് മുൻപായി മാധ്യമ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പോകുന്നതിനായി വാഹനം എടുത്തതോടെയാണ് ആക്രമണം നടന്നത്. പോലീസ് നോക്കി നിൽക്കെ മാധ്യമപ്രവർത്തകരെ ആക്രമിച്ചിട്ടും തടയുന്നതിന് നടപടി സ്വീകരിച്ചില്ലെന്ന ആരോപണവുമുണ്ട്. സംഭവത്തെ തുടർന്ന് ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
മീഡിയാവൺ ചാനൽ ഇടുക്കി റിപ്പോർട്ടർ ചങ്ങനാശേരി കുരിശുംമൂട്ടിൽ ആൽവിൻ തോമസ് (32), ക്യാമറാപേഴ്സൻ മുനിയറ കളരിക്കൽ കെ.ബി. വിൽസൺ (35) എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും സമരക്കാർ കേടുവരുത്തിയിരുന്നു. ഇതിനിടെ സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്നവരിൽ വിൽസനോട് മാത്രമാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ആക്രമണ സമയത്ത് വധഭീഷണി മുഴക്കിയത് അടക്കമുള്ള സംഭവങ്ങൾ നടന്നിട്ടും പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചേർത്ത് സംരക്ഷിക്കാൻ ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നു. ഇതുസംമ്പന്ധിച്ച് കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ് എന്നിവർ അറിയിച്ചു.
