ആക്രമണവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭർത്താവ് ജൂലിയസ് നികിതാസിനും നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. കക്കട്ടിൽ കുളങ്ങര കല്ലുപറമ്പത്ത് അശ്വിൻ (21), അമ്പലക്കുളങ്ങര മീത്തലെകരിമ്പാച്ചേരി ശ്രീജു (30) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പലേരിയിലുള്ള സാനിയോയുടെ വീട്ടിൽ നിന്ന് ജൂലിയസിന്‍റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറിൽ പോവുകയായിരുന്നു ഇരുവരും. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേർ കാറിനുമുന്നിൽ ചാടിവീണ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. കാറിന്‍റെ താക്കോൽ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടാണ് മർദ്ദിച്ചത്. ആക്രമണത്തിൽ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററുടെ മകനാണ് ജൂലിയസ് നികിതാസ്.
വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരം വീണ്ടും ആക്രമണം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആക്രമണം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ്. മുഖത്തും മൂക്കിനും ഗുരുതരമായി പരിക്കേറ്റ ജൂലിയസ് നികിതാസും നെഞ്ചിനും അടിവയറ്റിനും ചവിട്ടേറ്റ സാനിയോയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
