കൊല്ലം: കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി സ്വകാര്യ സ്കൂളിന്റെ കെട്ടിടത്തില്‍ നിന്നും താഴെ വീണ സംഭവത്തില്‍ അധ്യാപര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തു. സ്കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം ട്രിനിറ്റിലെസിയ സ്കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസറ്റ് എന്നിവര്‍ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസം മുൻപ് സഹപാഠിയുമായി പെണ്‍കുട്ടി വാക്കുതര്‍ക്കമുണ്ടാക്കി. ഇത് ചോദ്യം ചെയ്ത അധ്യാപിക ഇന്നലെ സ്റ്റാഫ് റൂമിന് അകത്തേക്ക് പെണ്‍കുട്ടിയെ വിളിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് ശകാരിക്കുകയും ചെയ്തു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി എല്‍പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് പൊലീസ് വിശദീകരണം. സ്കൂള്‍ പ്രിൻസിപ്പാളിന്‍റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് ദൃസാക്ഷികളായി ചില കുട്ടികളോടും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ട്. അതേസമയം ഇന്നലെ അപകടത്തിന് ശേഷം പെണ്‍കുട്ടിയ പ്രവേശിപ്പിച്ച കൊല്ലത്തെ ബെൻസിഗര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്ന് സ്കൂള്‍ അധികൃതരും വ്യക്താമാക്കി.
