മോഷണവിവരം പുറത്ത് പറയുകയാണെങ്കിൽ പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാലാണ് ആരും പരാതിയുമായി പൊലീസിനെ സമീപിക്കാതിരുന്നത്. നിരക്ഷരരായ ഇരുവരും ജീവിതം മുന്നോട്ട് തള്ളി നീക്കാനാണ് രാത്രികാലങ്ങളിൽ മോഷടിക്കാനിറങ്ങുന്നത്. പലപ്പോഴും സഹായമഭ്യർത്ഥിച്ചാണ് ആളുകളെ കൊള്ളയടിക്കാറുള്ളത്.

ദില്ലി: നിലവിളികേട്ട് സഹായിക്കാനെത്തിയ ആളെ കൊള്ളയടിച്ച സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വീറ്റി (24), മസ്കൻ (25) എന്നിവരെയാണ് ദില്ലി മുൽചന്ദ് മെട്രോ സ്റ്റേഷന് സമീപത്തുനിന്നും പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ പക്കൽനിന്നും കവർച്ച വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ആഗസ്റ്റ് 4ന് രാത്രി 9.30യോടെയായിരുന്നു സംഭവം.

മെട്രോ സ്റ്റേഷന് സമീപത്ത് വച്ച് രണ്ട് സ്ത്രീകളെ പിന്തുടർന്ന ആളെ പട്രോളിംഗിനെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവബഹുലമായ മോഷണങ്ങളുടെ ചുരുളഴിയുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. മെട്രോ സ്റ്റേഷന് സമീപത്തെത്തിയപ്പോളാണ് സഹായിക്കണമെന്ന നിലവിളികേട്ട് യുവാവ് ബൈക്ക് നിർത്തിയത്. എന്നാൽ ബൈക്ക് നിർത്തിയതും സ്ത്രീകളിൽ ഒരാൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് നിലത്തുവീണു. 

തുടർന്ന് ഇരുവരും ചേർന്ന് യുവാവിന്റെ പോക്കറ്റിൽനിന്നും പേഴ്സെടുത്ത് ലജ്പത് നഗറിലെ റിംഗ് റോഡ് ഭാ​ഗത്തേക്ക് ഒാടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടുന്നതിനായി പുറകെ ഒാടുകയായിരുന്നു യുവാവെന്ന് പൊലീസ് ഡപ്യൂട്ടി കമ്മീഷണർ ചിൻമയി ബിശ്വാൽ വ്യക്തമാക്കി. അതേസമയം സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുകയാണെങ്കിൽ തനിക്കെതിരെ വ്യാജ പരാതി നൽകുമെന്ന് സ്ത്രീകൾ ഭീഷണിപ്പെടുത്തിയതായും യുവാവ് പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈയിൽനിന്നും യുവാവിന്റെ പേഴ്സ് കണ്ടെടുത്തതായും ഡിസിപി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് മാസമായി ആറോളം പേരെയാണ് ഇരുവരും ചേർന്ന് കൊള്ളയടിച്ചത്. മോഷണവിവരം പുറത്ത് പറയുകയാണെങ്കിൽ പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാലാണ് ആരും പരാതിയുമായി പൊലീസിനെ സമീപിക്കാതിരുന്നത്. നിരക്ഷരരായ ഇരുവരും ജീവിതം മുന്നോട്ട് തള്ളി നീക്കാനാണ് രാത്രികാലങ്ങളിൽ മോഷടിക്കാനിറങ്ങുന്നത്. പലപ്പോഴും സഹായമഭ്യർത്ഥിച്ചാണ് ആളുകളെ കൊള്ളയടിക്കാറുള്ളത്. കേസിലെ പ്രതി മസ്കാൻ ഭർത്താവ് മരിച്ച സ്ത്രീയാണ്. സ്വീറ്റിയുടെ വിവാഹമോചന കേസ് കോടതിയിൽ നടക്കുകയാണെന്നും ഡിസിപി വ്യക്തമാക്കി.