ദില്ലി: രണ്ട് പെണ്‍കുട്ടികളുടെ മൊഴിയാണ് മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷാ വിധിയില്‍ നിര്‍ണായകമായത്. വിവാഹിതരായ ഇരുവരും ഭര്‍ത്താക്കന്‍മാരുടെ പിന്തുണയോടെ നടത്തിയ പോരാട്ടമാണ് ഗുര്‍മീതിന്റെ ശിക്ഷയില്‍ അവസാനിച്ചത്. എന്നാല്‍ ഇപ്പോഴും പരാതി നല്‍കിയ പെണ്‍കുട്ടികള്‍ എവിടെയെന്നതിനെക്കുറിച്ചുള്ള വിവരം അജ്ഞാതമാണ്.

1999 സെപ്റ്റംബറിലായിരുന്നു ഗുര്‍മീതിനെതിരായ ആദ്യ പരാതി. ഗുര്‍മീത് താമസിക്കുന്ന സിര്‍സ ആശ്രമത്തിലെ നിലവറപോലെയുള്ള ഗുഹയില്‍ കാവല്‍ ജോലി ചെയ്യുമ്പോള്‍ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പാപങ്ങള്‍ക്ക് മാപ്പ് നല്‍കാനെന്ന പേരില്‍ മുറിയിലേക്ക് ക്ഷണിച്ച് വരുത്തി പീഡിപ്പിച്ചെന്നായിരുന്നു രണ്ടാമത്തെ പണ്‍കുട്ടിയുടെ മൊഴി. ദൈവമായാണ് റാംറഹീമിനെ കാണുന്നതെന്നു പറഞ്ഞപ്പോള്‍, ഭഗവാന്‍ ശ്രീകൃഷ്ണനും ഇതു പോലെയാണ് മാപ്പ് നല്‍കിയിരുന്നതെന്നായിരുന്നു മറുപടിയെന്നും പരാതിയിലുണ്ട്. പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയിക്ക് മേല്‍വിലാസമില്ലാതെ പെണ്‍കുട്ടികള്‍ അയച്ച കത്ത് 2002ല്‍ മാധ്യമപ്രവര്‍ത്തകന്‍ രാംചന്ദര്‍ ചത്രപതി പുറത്തുവിട്ടതോടെയാണ് ആശ്രമത്തിലെ കൊള്ളരുതായ്മകള്‍ ലോകം അറിഞ്ഞത്. രാംചന്ദര്‍ വെടിയേറ്റ് മരിച്ചെങ്കിലും പെണ്‍കുട്ടികള്‍ പിന്‍മാറിയില്ല. സിബിഐ ചോദ്യം ചെയ്ത 18 കുട്ടികളില്‍ ഗുര്‍മീതിനെതിരെ മൊഴി നല്‍കിയത് രണ്ട് പെണ്‍കുട്ടികള്‍ മാത്രം. ആശ്രമം വിട്ട ഇരുവരും വിവാഹം കഴിച്ച് ഭര്‍ക്കന്‍മാരുടെ പിന്തുണയോടെ നടത്തിയ നിയമപോരാട്ടമാണ് ഗുര്‍മീതിന്റെ ശിക്ഷയില്‍ അവസാനിച്ചത്. പെണ്‍കുട്ടികള്‍ ഭീതിയിലാണെന്നും എവിടെയാണ് കഴിയുന്നതെന്ന വിവരം പുറത്തുവിടാനാകില്ലെന്നും ആയിരുന്നു അഭിഭാഷകന്റെ മറുപടി. അഖില ഭാരതീയ ഹിന്ദു മഹാസഭയടക്കം ഗുര്‍മീത് റാം റഹീമിന് ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് 1400 ഓളം ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാരിന് മുമ്പാകെയെത്തിയതെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.