പൂനെ: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കേസെടുത്ത പൊലീസ് പ്രതിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ പൂനയിലെ ധയാരി മേഖലയിലെ വീട്ടിൽനിന്നും കാണാതായ കുഞ്ഞിന്റെ മൃദദേഹം ഇന്ന് രാവിലെ വീടിന് 500 മീറ്റർ അകലെനിന്നും കണ്ടെത്തുകയായിരുന്നു.
ധയാരിയിലെ ഒരു പാർപ്പിടസമുഛയത്തിന്റെ പിറകിൽ അതിരാവിലെ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടതോടെ പ്രദേശവാസികൾ പൊലീസിൽ വിവരമറിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ കുട്ടിയുടെ മൃതദേഹമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കൂലിപ്പണിക്കാരാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.
രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. കഴുത്ത് ഞെരിച്ച് കൊലചെയ്തു എന്നാണ് പൊലീസിന്റെ പ്രാധമീക നിഗമനം. സിൻഹഗഡ് റോഡ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. കൊലപാതകം പീഡനം തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസന്വേഷണം നടത്തുന്നത്.
കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കുഞ്ഞിന്റെയും കുടുംബത്തിന്റെയും പേരുവിവരങ്ങൾ പുറത്തുവിടാൻ ആകില്ലെന്നും പൂന സ്വർഗേറ്റ് ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ശിവാജി പവ്വാർ അറിയിച്ചു.
