തൃശൂര്‍ : തൃശ്ശൂർ കിഴക്കുംപാട്ടുകരയിൽ എടിഎം തകർത്ത് കവർച നടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. കാസർഗോഡ് സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്. തൃശൂരില്‍ പഴം വില്‍പനക്കാരാണ് അറസ്റ്റിലായവര്‍. തൃശൂര്‍ കാളത്തോട് നിന്നുമാണ് മെഹറൂഫ്, സനീഷ് എന്നിവരെ പൊലീസ് പിടികൂടിയത്.

പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വിശദമാക്കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. യുട്യൂബില്‍ നിന്നുമാണ് എടിഎം കവര്‍ച്ച ചെയ്യാന്‍ പഠിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് വിശദമാക്കി.  കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമം ഉണ്ടായത്. രാവിലെ എട്ടരയോടെ എടിഎം കൗണ്ടർ വ‍ൃത്തിയാക്കാൻ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

എടിഎമ്മിന്റെ ചില ഭാഗങ്ങൾ പൊളിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്.കൗണ്ടറിന് കാവലുണ്ടായിരുന്നില്ല. അഞ്ച് ലക്ഷം രൂപ എടിഎമ്മിൽ ഉണ്ടായിരുന്നെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോളഅ‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു.