ഇവിടെ ഇപ്പോഴും അക്ഷരങ്ങള്‍ കടലാസിനോട് സംസാരിക്കുന്നു
ചെന്നൈ: ടൈപ്പ് റൈറ്റിംഗിന്റെ പൊലിമയൊക്കെ പഴമയായിട്ടും, ഇന്നും പ്രവർത്തിക്കുന്ന ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കഥയാണിത്. ചെന്നൈ മൈലാപ്പൂരില് പ്രവർത്തിക്കുന്ന ഷോർട് ഹാൻഡ് സ്കൂളിന് പറയാനുള്ളത് 109 വർഷത്തെ ചരിത്രമാണ്. തണല് വിരിച്ചിരിക്കുന്ന ആര്യവേപ്പിൻ മരത്തിന് കീഴില് ഒരു പോയ് മറഞ്ഞ ഒരു കാലം ഉണർന്നിരിക്കുകയാണ്. പിരിയണ് കോവണി കയറുമ്പോള് തന്നെ കേള്ക്കാം അക്ഷരങ്ങള് കടലാസിനോട് സംസാരിക്കുന്നതിന്റെ ശബ്ദം.
പുലർച്ചെ ആറ് മണിക്ക് തുടങ്ങും ടൈപ്പ് റൈറ്റിംഗ് പഠിക്കാനുള്ള വിദ്യാർഥികളുടെ വരവ്. ബാലസുബ്രഹ്മണ്യൻ പത്മനാഭൻ എന്ന അധ്യാപകൻ ഇവിടെ തിരക്കിലാണ്. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ശ്രീകാന്തയ്യരാണ് 1909 ല് ഈ സ്ഥാപനം തുടങ്ങിയത്. പിന്നീട് അച്ഛൻ ബാലസുബ്രഹ്മണ്യയ്യർ. 1960 മുതല് ഇദ്ദേഹം. പണ്ട് ടൈപ്പ് റൈറ്റിംഗും ഷോർട്ട് ഹാൻഡും പഠിച്ചാല് ജോലി ഉറപ്പായിരുന്നു. കാലം കഴിഞ്ഞതോടെ ഓഫീസിലെ മേശകളില് നിന്നും ടൈപ്പ് റൈറ്ററിന്റെ സ്ഥാനം ഒഴിഞ്ഞു.
ഇപ്പോഴെന്തിനാണ് ഇത്രയും പേർ ടൈപ്പ് റൈറ്റിംഗ് പഠിക്കുന്നതെന്ന സംശയം സ്വാഭാവികമാണ്. എന്നാല് ഗവണ്മെന്റ് ജോലിക്ക് പലതിനും ടൈപ്പ് റൈറ്റിങ് യോഗ്യതയാണെന്ന് വിദ്യര്ഥികള് പറയുന്നു. ദിനം 100 ഓളം പേർ ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ ഇവിടേക്ക് വരുന്നുണ്ട്. ആറ് മാസമാണ് കോഴ്സുകളുടെ ദൈർഘ്യം. ഇനിയെത്രകാലം ഇങ്ങനെ തുടരാനാകുമെന്ന സംശയത്തിന് പത്മനാഭന്റെ ഉറച്ച മറുപടി ഇങ്ങനെയാണ്... എൻ ഉയിരുള്ള വരെ.
