ഉത്തർപ്രദേശിൽ ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ നോട്ട് അസാധുവാക്കലിനു ശേഷമുള്ള സാഹചര്യം കോൺഗ്രസിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നീക്കങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ആകെയുള്ള 403 സീറ്റുകളിൽ 120 സീറ്റുകൾ നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ മാറ്റം വരുത്തിയ കോൺഗ്രസ് 75 സീറ്റുകൾ വരെ നല്‍കിയാൽ സഖ്യത്തിൽ ചേരാം എന്ന നിലപാടിലെത്തിയെന്നാണ് സൂചന.

നോട്ട് അസാധുവാക്കിയതിനു ശേഷം ബിജെപി ആത്മവിശ്വാസത്തിലാണ്. എന്നാൽ ന്യൂനപക്ഷവോട്ടുകൾ ഒന്നടങ്കം ബിജെപിക്കെതിരെ തിരിയും എന്നുറപ്പായിരിക്കുന്നു. കോൺഗ്രസും എസ്പിയും ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കും. നോട്ട് ദൗർലഭ്യം ഡിസംബർ 31ന് തീരില്ലെന്നിരിക്കെ ഗ്രാമീണ മേഖലയിൽ നരേന്ദ്ര മോദി വിരുദ്ധ വികാരം ശക്തിപ്പെടുമെന്നും രണ്ടു പാർട്ടികളും കരുതുന്നു. ഇതാണ് സഖ്യനീക്കങ്ങൾക്ക് വീണ്ടും ആക്കം കൂട്ടിയത്. സമാജ് വാദി പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ ഏത് ദിശയിലേക്ക് നീങ്ങും എന്നത് കൂടി നിരീക്ഷിച്ച ശേഷമാകും കോൺഗ്രസിന്റെ അന്തിമ തീരുമാനം.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ മേയ് വരെ സമയമുണ്ടെങ്കിലും ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടന്നേക്കും എന്ന് സൂചനയുണ്ട്. നോട്ട് അസാധുവാക്കലിനു ശേഷം ഫണ്ടിന് പ്രതിസന്ധിയുള്ളപ്പോഴുള്ള തെരഞ്ഞെടുപ്പ് പ്രാദേശിക പാർട്ടികളെ ബാധിക്കും എന്ന വിലയിരുത്തൽ ശക്തമാണ്. ഫെബ്രുവരിയിലും മാർച്ചിലും പരീക്ഷ പ്രഖ്യാപിച്ച് ഈ നീക്കം പരാജയപ്പെടുത്താനുള്ള അഖിലേഷ് യാദവിന്റെ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു.