ദുബായ്: സാംസങ് നോട്ട് 7 ഫോണുമായി വിമാനത്തില്‍ യാത്രചെയ്യുന്നതിന് യു എ ഇയിലെ വിമാനകമ്പനികള്‍ നിയത്രണം ഏര്‍പ്പെടുത്തി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിമാനത്തിനകത്തു നോട്ട് 7 ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. സാംസങ്ങ് നോട്ട് 7 ഫോണുകള്‍ ദേശീയ വിമാന സര്‍വീസുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതും ചാര്‍ജ്ജ് ചെയ്യുന്നതും ജി സി എ എ നിരോധിച്ചു. ഈ ഫോണുകള്‍ ബാഗേജിനോടൊപ്പം ഇടുന്നതും വിലക്കിയിട്ടുണ്ട്. സാംസങ്ങ് നോട്ട് 7 ഫോണുകളുടെ ബാറ്ററികള്‍ തീപിടിക്കുന്നതോ പൊട്ടിതെറിക്കുന്നതോ ആയ സംഭവങ്ങളെകുറിച്ച് ഉപഭോക്താക്കളുടെ പരാതിയില്‍ കമ്പനി തന്നെ ആശങ്ക അറിയിച്ച സാഹചര്യത്തിലാണിത്. ഗാലക്‌സി നോട്ട് 7 ഫോണുകളുടെ ഉല്‍പാദനം സാംസങ് നിര്‍ത്തിവെയ്‌ക്കുകയും, ഇത് ലോക വ്യാപകമായി തിരിച്ചുവിളിക്കുകയും ചെയ്‌തിരുന്നു. നിര്‍മ്മാണത്തിലെ പിഴവ് മൂലം ബാറ്ററികള്‍ അമിതമായി ചൂടാകുകയും, ചിലപ്പോള്‍ പൊട്ടിത്തെറിക്കുകയും ചെയ്യുമെന്ന് സാംസങ് കമ്പനി അധികൃതര്‍ തന്നെ ഇന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യു എ ഇയിലെ വിമാനങ്ങളില്‍ സാംസങ് ഗാലക്‌സി നോട്ട് 7 ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ മോഡല്‍ ഫോണുകള്‍ വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിമാനക്കമ്പനികള്‍ക്ക് ലഭിച്ച വിദഗ്ദ്ധോപദേശം.