ദുബായ്: ഇത്തവണ യു.എ.ഇ മന്ത്രിസഭ യോഗം ചേര്‍ന്നത് പതിവില്‍നിന്നും വ്യത്യസ്തമായ ഒരു സ്ഥലത്ത്. റാസല്‍ഖൈമയിലെ ഒരു സ്കൂളിലായിരുന്നു മന്ത്രിസഭാ യോഗം. റാസല്‍ഖൈമയിലെ ഫാത്തിമ ബിന്‍ത് മുബാറക്ക് സ്കൂളിലാണ് യു.എ.ഇ മന്ത്രിസഭ യോഗം ചേര്‍ന്നത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍റാഷിദ് അല്‍മക്തൂമിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം.

പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളേയും മന്ത്രിസഭാ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. രാഷ്ട്രത്തിന്റെ മുന്നേറ്റത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് ശൈഖ് മുഹമ്മദ് കുട്ടികളോട് വിശദീകരിച്ചു. പഠനത്തില്‍ മികവ് കാട്ടാനും ഉയരങ്ങള്‍കീഴടക്കാനും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. കുട്ടികള്‍ക്ക് മന്ത്രിസഭാ യോഗം ചേരുന്നത് കണ്ട് മനസിലാക്കാനുള്ള അവസരം കൂടിയായി ഈ സന്ദര്‍ഭം.

ഇങ്ങനെ വേറിട്ട രീതിയില്‍ നേരത്തേയും യു.എ.ഇ മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടുണ്ട്. 2014 നവംബറില്‍ ഫുജൈറ കോട്ടയില്‍വച്ച് മന്ത്രിസഭാ യോഗം ചേര്‍ന്നത് വാര്‍ത്തയായിരുന്നു.