'ടേക്ക് ഓഫ്' സിനിമ കണ്ട പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് ഐസിസ് തലവനായി വേഷമിട്ട നടന്റെ മുഖം അത്രവേഗം മാഞ്ഞു പോകില്ല. എന്നാല്‍ ഈ സുന്ദര വില്ലന്‍ ഒരു അറബ് വംശജനാണെന്ന് എത്ര പേര്‍ക്കറിയാം? മലയാള സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് അബുദാബിക്കാരനായ ഡോ. സമീര്‍ അല്‍ ഒബൈദലിയുടെ ആഗ്രഹം.

മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വെള്ളിവെളിച്ചം വിതറി കടന്നുവരികയാണ് എമിറാത്തിയായ ഡോ. സമീര്‍ അല്‍ ഒബൈദലി. മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ടേക്ക് ഓഫില്‍ ഐസിസ് തീവ്രവാദിയായി അരങ്ങേറ്റം കുറിച്ച സമീര്‍, ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റായി മാറിയ സന്തോഷത്തിലാണ്. അഭിനയത്തോടും ഇന്ത്യന്‍ സിനിമകളോടുമുള്ള അടങ്ങാത്ത താല്‍പര്യമാണ് അബുദാബിക്കാരനായ ഡോ.സമീറിനെ ടേക്ക് ഓഫില്‍ എത്തിച്ചത്. ജോണ്‍ എബ്രഹാമിനെ നായകനാക്കി രോഹിത് ധവാന്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ഡിഷ്യൂവിലും സമീര്‍ നേരത്തെ അഭിനയിച്ചിരുന്നു. ഹൈദരാബാദുകാരി ആസിയയാണ് സമീറിന്റെ ഭാര്യ. എമിറാത്തിയുടെ ഇന്ത്യന്‍ സിനിമാ പ്രണയവും ടേക്ക് ഓഫ് ചെയ്തത് അവിടം മുതലായിരുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാള സിനിമയില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് ഈ സുന്ദര വില്ലന്റെ തീരുമാനം.