അനുവദനീയമാതയിലും കൂടുതല്‍ കീടനാശിനികളുടെ സാനിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.എ.ഇ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ചില രാജ്യങ്ങളില്‍ നിന്നുള്ള പഴംപച്ചക്കറി ഇറക്കുമതിയാണ് നിരോധിക്കുന്നത്. കീടനാശിനികളുടെ സാനിധ്യം കൂടുതലായി കണ്ടെത്തിയ പഴം, പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നതിന് ആയിരിക്കും നിരോധനം. ഒമാന്‍, ഈജിപ്റ്റ്, ജോര്‍ദാന്‍, ലബനോന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവയ്ക്കാണ് നിരോധനം ബാധകം. മെയ് 15 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.

ഈജിപ്റ്റില്‍ നിന്നുള്ള എല്ലാ തരം കുരുമുളകുകളും ജോര്‍ദാനില്‍ നിന്നുള്ള കുരുമുളക്, കാബേജ്, കോളിഫ്‌ലവര്‍, ബീന്‍സ്, ലെറ്റിയൂസ് തുടങ്ങിയവയും നിരോധനം വരുന്നവയില്‍ ഉള്‍പ്പെടുന്നു. ലബനോനില്‍ നിന്നുള്ള ആപ്പിള്‍, ഒമാനില്‍ നിന്നുള്ള കാരറ്റ്, തണ്ണിമത്തന്‍ എന്നിവയും
നിരോധിച്ചവയിലുണ്ട്. യെമനില്‍ നിന്നുള്ള എല്ലാ പഴങ്ങളള്‍ക്കും മെയ് 15 മുതല്‍ നിരോധനമുണ്ട്.

സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുക എന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ട് തന്നെയാണ് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുതന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. നിരോധിച്ച ഉത്പന്നങ്ങളിലെ കീടനാശിനികളുടെ അംശം ഇല്ലാതായി എന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും അധികൃതര്‍ക്ക് ബോധ്യമാവുകയും ചെയ്താല്‍ മാത്രമേ നിരോധനം നീക്കുകയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കീടനാശിനിയുടെ അമിത സാനിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പില യു.എ.ഇ നിരോധിച്ചിരുന്നു.