ദുബായ്: യു.എ.ഇയില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചേക്കും. ഇപ്പോള്‍ ദുബായില്‍ മാത്രമാണ് ടോൾ ഈടാക്കുന്ന സാലിക് ഗേറ്റുകള്‍ ഉള്ളത്. ദുബായിയുടെ ചുവട് പിടിച്ച് യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കാനുള്ള സാധ്യത കൂടുന്നു.
രാജ്യത്തെ ഫെഡറല്‍ റോഡുകളില്‍ ചുങ്കം ഈടാക്കുന്ന ഗേറ്റുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അധികൃതര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഫെഡറല്‍ അഥോറിറ്റി ഫോര്‍ ലാന്‍റ് ആന്‍റ് മരിടൈം ട്രാന്‍സ്പോര്‍ട്ട് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ഗതാഗത തടസം കുറയ്ക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. 34 നിര്‍ദേശങ്ങളാണ് വിവിധ ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ അവതരിപ്പിച്ചത്.
ഇതില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുക എന്നത് പ്രധാനപ്പെട്ട ഒരു നിര്‍ദേശമാണെന്നാണ് അറിയുന്നത്. ദുബായില്‍ 2008 മുതല്‍ സാലിക് ടോള്‍ ഗേറ്റുകള്‍ ഉണ്ട്. അല്‍ ബര്‍ഷ, ഗര്‍ഹൂദ് ബ്രിഡ്ജ്, അല്‍ മക്തൂം ബ്രിഡ്ജ്, അല്‍ മംസാര്‍, അല്‍ സഫ, ദുബായ് എയര്‍പോര്‍ട്ട് ടണല്‍ എന്നിങ്ങനെ ആറ് ഇടങ്ങളിലാണ് ഇപ്പോള്‍ ദുബായില്‍ സാലിക് ടോള്‍ ഗേറ്റുകള്‍ ഉള്ളത്. ഗതാഗത തടസം കുറയ്ക്കുക എന്നതാണ് ഈ ടോള്‍ ഗേറ്റുകലിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഗതാഗത തടസം മൂലം സമയ നഷ്ടം മാത്രമല്ല കനത്ത ധന നഷ്ടം കൂടിയുണ്ടാകുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സമയം, ഇന്ധനം, ജോലി സമയം എന്നിവയിലെ നഷ്ടം കണക്കിലെടുത്താല്‍ വര്‍ഷത്തില്‍ ദുബായില്‍ മാത്രം 2.9 ബില്യണ്‍ ദിര്‍ഹത്തിന്‍റെ നഷ്ടമുണ്ടെന്നാണ് അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്.
