ഖത്തര്‍: ഖത്തര്‍ അമീര്‍ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് യു.എ.ഇ വിദേശ കാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. നയങ്ങളില്‍ മാറ്റം വരുത്താതെ ഖത്തറുമായി ചര്‍ച്ചക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ സൗദിയിലെത്തി. 

ഖത്തര്‍ അമീര്‍ രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ആദ്യമായാണ് യു.എ.ഇ ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കുന്നത്. അമീറിന്റെ പ്രസംഗത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് വിദേശ കാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. വിദേശ നയത്തില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ ഖത്തറിനെ ബഹിഷ്‌കരിക്കുന്നത് തുടരും. നിലപാടുമാറ്റുമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതുണ്ടായില്ല. ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും നിലപാട് കൂടുതല്‍ കര്‍ശനമാക്കുകയാണ് യു.എ.ഇ അടക്കമുള്ള രാഷ്ട്രങ്ങള്‍. 

വിഷയം കൂടുതല്‍ വഷളാക്കാന്‍ താല്‍പര്യമില്ലെന്നും തീവ്രവാദികള്‍ക്കു വേദിയൊരുക്കുന്നത് അവസാനിപ്പിക്കുന്നതുവരെ ഖത്തറിനെ ഒറ്റപ്പെടുത്തുമെന്നും യുഎഇ വിദേശകാര്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദേഗന്‍ സൗദിയിലെത്തി. ജിദ്ദയില്‍ സൗദി ഭരണാധികാരി സല്മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

പരമാധികാരം അടിയറവെയ്ക്കാതെ ചര്‍ച്ചയാകാമെന്ന ഖത്തര്‍ അമീരിന്റെ പ്രഖ്യാപന പശ്ചാതലത്തിലാണ് തുര്‍ക്കി പ്രസിഡന്റിന്റെ മധ്യസ്ഥ ശ്രമം. സൗദിയില്‍ നിന്ന് കുവൈത്തിലെത്തുന്ന തയിബ് എര്‍ദോഗന്‍ ഗള്‍ഫ് പ്രശ്‌ന പരിഹാര ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന അമീര്‍ ഷെയ്ഖ് സബയുമായി ചര്‍ച്ച നടത്തും തുടര്‍ന്ന് നാളെ ഖത്തറിലെത്തി അമീറുമായി കൂട്ടിക്കാഴ്ച നടത്തും. സൗദി സഖ്യരാഷ്ട്രങ്ങള്‍ നിലപാടു കടുപ്പിക്കുമ്പോള്‍ തുര്‍ക്കി പ്രസിഡന്റിന്റെ അനുരഞ്ജനശ്രമങ്ങള്‍ വിലപ്പോവില്ലെന്നു തന്നെയാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.