മയക്കുമരുന്ന് ഉപയോഗത്തിന് നാലുവര്‍ഷം തടവ് വിധിക്കുന്ന 1995ലെ നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ശിക്ഷ രണ്ടുവര്‍മായി ലഘൂകരിച്ചുകൊണ്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് മയക്കുമരുന്നിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് പ്രോസിക്യൂട്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് നിയമത്തില്‍ മാറ്റം വരുത്തിയത്. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ ആദ്യമായി പിടിക്കപ്പെടുന്നവരെ ഇനി ജയിലിടക്കില്ല, ഇത്തരക്കാരെ പിഴ ഈടാക്കുകയോ സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെടുത്തുകയോ ചെയ്ത് പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍ക്കിനുള്ള ഇളവും നിയമം അനുശാസിക്കുന്നു. 

10,000 ദിര്‍ഹമായിരിക്കും ഇവര്‍ക്ക് പരമാവധി പിഴ. ഒന്നിലധികം തവണ പിടിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ പിഴയും 10,000 ദിര്‍ഹമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെ അയാളുടെ കുടുംബം പോലീസിലോ പുനരധിവാസ കേന്ദ്രത്തിലോ എത്തിച്ചാല്‍ ഒരു ശിക്ഷയും വിധിക്കാതെ ശിക്ഷ ലഭ്യമാക്കും. പുനരധിവാസ കേന്ദ്രത്തില്‍ കഴിയേണ്ട കുറഞ്ഞ കാലയളവ് മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി കുറച്ചു, നിയമത്തില്‍ പരാമര്‍ശിക്കാത്ത മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷം തടവെന്നത് പരമാവധി ഒരുവര്‍ഷമാക്കിയും കുറച്ചിട്ടുണ്ട്. പരിഷ്കരിച്ച നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരുമാസത്തിനു ശേഷം പ്രബാല്യത്തില്‍ വരും.