ദുബായ്: മിഡില്‍ ഈസ്റ്റിലെ വലിയ സ്‌കൂള്‍ കലാമേളയായ യു ഫെസ്റ്റ് 2017ന്റെ ഒരുക്കങ്ങള്‍ തുടങ്ങി. കലോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ മത്സരങ്ങളും പങ്കാളിത്തവും ഉള്‍ക്കൊള്ളിച്ച് യുഫെസ്റ്റ് 2017ന് അടുത്തമാസം പത്തിന് റാസല്‍ഖൈമയില്‍ തിരിതെളിയും. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തെ ഓര്‍മപ്പെടുത്തി യുഎഇയില്‍ അരങ്ങിലെത്തുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കാതെ ഉയര്‍ന്ന സമ്മാനതുകയോടെ രാജ്യത്തെ എല്ലാ എമിറേറ്റുകളിലേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് കലോത്സവത്തിന് നേതൃത്വം നല്‍കുന്ന ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിംഗ് എംഡി. ജുബി കുരുവിള പറഞ്ഞു.

റാസല്‍ഖൈമ, അജ്മാന്‍, ഉമുല്‍ഖുവൈന്‍, ഷാര്‍ജ, ദുബായി, അബുദാബി, എന്നിവിടങ്ങളില്‍ നടക്കുന്ന വിവിധ ഘട്ടങ്ങള്‍ക്കുശേഷം ഡിസംബര്‍ ആദ്യവാരം ദുബായില്‍ ഗ്രാന്റ് ഫിനാലെ അരങ്ങേറും. വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും 0565225672 എന്ന നമ്പരില്‍ ബന്ധപ്പെടാം. www.youfestuae.com എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ജിപാസ് മാര്‍ക്കറ്റിങ് മാനേജര്‍ ബിജു അക്കര, ജോയ് ആലുക്കാസ് മാര്‍ക്ക്റ്റിങ് മാനേജര്‍ ജിബിന്‍, എഫ് എം പ്രതിനിധി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.