യുഎഇയില്‍ ചൂട് വര്‍ധിക്കുന്നു. അടുത്ത വെള്ളിയാഴ്ച വരെ 48 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 43 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബുധനാഴ്ച അനുഭവപ്പെട്ട ശരാശരി താപനില.

വരും ദിവസങ്ങളില്‍ യുഎഇയില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അടുത്ത മൂന്നു ദിവസങ്ങളില്‍ മൂന്നു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വരെ 48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തുമെന്നാണു കാലാവസ്ഥാ പ്രവചനം. എന്നാല്‍ കനത്ത പൊടിക്കാറ്റിനു സാധ്യതയില്ല.

അതേസമയം ദൂരക്കാഴ്ച 4000 മീറ്ററിനും 3000 മീറ്ററിനും ഇടയിലേക്കു ചുരുങ്ങാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന പൊടിപടലങ്ങള്‍ കാരണമാണിത്. കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ദൂരക്കാഴ്ച 1800 മീറ്റര്‍ വരെ ചുരുങ്ങിയിരുന്നു.

കനത്ത മൂടല്‍ മഞ്ഞ് ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ അതിരാവിലെ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.