ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഇടപാടുകള്‍ നടത്തുന്പോള്‍ ബാങ്കുകള്‍ ഈടാക്കുന്ന അധിക ഫീസ് പൂര്‍ണ്ണമായി നിരോധിക്കാനുള്ള നടപടികള്‍ പരിഗണനയിലാണെന്ന് യുഎഇ സാന്പത്തികകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃകാര്യ ഉന്നത സമിതി വ്യക്തമാക്കി. കാര്‍ഡ് ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഫീസ് ഇടാക്കാന്‍ നിലവിലെ നിയമം അനുസരിച്ച് ബാങ്കുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഈ തുക മൊത്തം ഇടപാടിന്റെ രണ്ട് ശതമാനത്തില്‍ കൂടാന്‍ പാടില്ല. എന്നാല്‍ വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കുന്നത് സെന്‍ട്രല്‍ ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

ഈ സാഹചര്യത്തിലാണ് ആരോഗ്യം, വ്യോമയാനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടത്തുന്ന കാര്‍ഡ് ഇടപാടുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്നത് നിരോധിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റ് മേഖലകളിലും കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് നിരോധിക്കുന്നത്. എന്നാല്‍ ഇത് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.