യു എ ഇ ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ അമിന്‍ ഹുസൈന്‍ അല്‍ അമിരിയാണ് മരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത്. 762 മരുന്നുകളുടെ വിലയാണ് കുറയ്ക്കുന്നത്. രണ്ട് ശതമാനം മുതല്‍ 63 ശതമാനം വരെയാണ് വില കുറയുക. വില കുറയ്ക്കുന്നത് സംബന്ധിച്ച് വിവിധ മരുന്ന് നിര്‍മ്മാണ കമ്പനികളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. 39 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ 762 മരുന്നുകളുടെ വില കുറയ്ക്കുന്നത്.

657 മരുന്നുകളുടെ വില സെപ്റ്റംബര്‍ ആദ്യം മുതല്‍ കുറയും. മറ്റ് 105 മരുന്നുകളുടെ വിലയില്‍ 2017 ജനുവരി മുതലാണ് കുറവുണ്ടാവുക.
ഹൃദ്രോഗ സംബന്ധിയായ 135 മരുന്നുകളുടെ വില കുറയും. നാഡി സംബന്ധമായ അസുഖങ്ങള്‍ക്കുള്ള 115 മരുന്നുകള്‍ക്കും സാംക്രമിക രോഗങ്ങള്‍ക്കുള്ള 84 മരുന്നുകള്‍ക്കും വിലയില്‍ കുറവുണ്ടാകും. വില കുറയുന്ന മറ്റ് വിഭാഗങ്ങള്‍ ഇവയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ 72, ഗൈനക്കോളജി, മൂത്രാശയ രോഗങ്ങള്‍ 35, ത്വക്ക് രോഗങ്ങള്‍ 35.

യു.എ.ഇയില്‍ അവശ്യമരുന്നുകളുടെ വില കുറയ്ക്കാനുള്ള സംവിധാനം അധികൃതര്‍ കൈക്കൊള്ളുന്നത് 2011 മുതലാണ്. ഇതുവരെ 8725 മരുന്നുകളുടെ വിലയിലാണ് കുറവ് വരുത്തിയത്. ഭാവിയിലും മരുന്നുകളുടെ വില കുറയ്ക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.