Asianet News MalayalamAsianet News Malayalam

കനകമലയില്‍ ഐ.എസ് ഗൂഡാലോചന; എട്ട് പ്രതികള്‍ക്കെതിരെ യു.എ.പി.എ

UAPA charged against eight accused in kanakamala IS secret meeting case
Author
First Published Mar 29, 2017, 4:04 PM IST

കണ്ണൂര്‍: കനകമലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ ഗൂഢാലോചന നടത്തിയ കേസില്‍ എന്‍.ഐ.എ കുറ്റപത്രം നല്‍കി. കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. കഴിഞ്ഞ വ‌ര്‍ഷം ഓക്ടോബറിലാണ് കനകമലയില്‍ യോഗം ചേര്‍ന്നവരെ അറസ്റ്റ് ചെയ്തത്. ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നും പ്രമുഖര്‍ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍.ഒക്ടോബര്‍ രണ്ടിനാണ് കനക മലയില്‍ യോഗം ചേരുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്തത്.

എറണാകുളം എന്‍.ഐ.എ കോടതിയിലാണ്  കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാംപ്രതി കണ്ണൂര്‍ സ്വദേശി മന്‍സീദ്, രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ്, മൂന്നാംപ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലി, നാലാം പ്രതി കോഴിക്കോട് സ്വദേശി എന്‍.കെ റംഷാദ്, ഒന്‍പതാം പ്രതി പി സഫ്‍വാന്‍, പത്താം പ്രതി എന്‍,കെ ജാസിം, പതിനൊന്നാം പ്രതി സുബ്ഹാനി രാജ പതിമൂന്നാം പ്രതി ഷജീര്‍ മംഗലശ്ശേരി, എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. 2016 ഓഗസ്റ്റ് മുതല്‍ അന്‍സാറുല്‍ ഖലീഫ എന്ന പേരില്‍ ഐ.എസിന്റെ  ഘടകം രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും ആക്രമണങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതാണ് ഇവര്‍ക്കതിരെയുള്ള കുറ്റം.

ഹൈക്കോടതി ജഡ്ജിമാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രമുഖരായ രാഷ്‌ട്രീയ നേതാക്കള്‍ക്കുമെതിരെ ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ടെലഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു രാജ്യത്തിനകത്തും പുറത്തുമുളള അനുകൂലികളെ ഇവര്‍ കോര്‍ത്തിണക്കിയത്. 2016 ഒക്ടോബര്‍ രണ്ടിന് കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെയാണ് എന്‍.ഐ.എ സംഘം ഇവരെ കീഴടക്കിയത്.
 

Follow Us:
Download App:
  • android
  • ios