ബംഗളരുരു: ആറ് കിലോമീറ്റര്‍ യാത്രയ്ക്ക് ഐ.ടി ജീവനക്കാരന് യൂബര്‍ നല്‍കിയത് 5325 രൂപയുടെ ബില്‍. സാങ്കേതിക പിഴവാകാമെന്ന് കരുതി യൂബര്‍ കോള്‍സെന്ററില്‍ വിളിച്ച ഡ്രൈവര്‍ക്ക്, മുഴുവന്‍ തുകയും വാങ്ങണമെന്നും തരാന്‍ തയ്യാറായില്ലെങ്കില്‍ യാത്രക്കാരനെ വാഹനത്തില്‍ നിന്ന് ഇറക്കാതെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന മറുപടിയാണ് ലഭിച്ചത്.

മൈസൂരു സ്വദേശിയായ പ്രവീണ്‍ ബി.എസ് എന്നയാള്‍ക്ക് ദുരവസ്ഥ നേരിടേണ്ടി വന്നത്. സിറ്റി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സാറ്റലൈറ്റ് ബസ് സ്റ്റേഷനിലേക്കായിരുന്നു വണ്ടി വിളിച്ചത്. സ്വന്തം ഫോണില്‍ യൂബര്‍ ആപ്പ് ഇല്ലായിരുന്നതിനാല്‍ റെയില്‍വെ സ്റ്റേഷനിലെ കിയോസ്ക് വഴി വാഹനം ബുക്ക് ചെയ്തു. ആറ് കിലോമീറ്റര്‍ യാത്ര അവസാനിച്ചപ്പോള്‍ ആപ്പില്‍ ഡ്രൈവര്‍ അക്കാര്യം രേഖപ്പെടുത്തി. ഉടന്‍ വന്നു 5325 രൂപയുടെ ബില്‍. ഡ്രൈവറോട് ചോദിച്ചപ്പോള്‍ ഇപ്പോഴത്തെ യാത്രയുടെ ബില്‍ 103 രൂപ മാത്രമാണെന്നും മുന്‍ യാത്രകള്‍ക്ക് പണം നല്‍കാതെ പോയതിനാല്‍ കിട്ടാനുള്ള തുകയാണ് ബാക്കിയെന്നുമായിരുന്നു മറുപടി. ജീവിതത്തില്‍ ഇതിന് മുമ്പ് ഒരിക്കല്‍ മാത്രം യൂബര്‍ വഴി വാഹനം വിളിച്ചിട്ടുള്ള പ്രവീണ്‍ ഇത് നിഷേധിച്ചു. എന്തെങ്കിലും തകരാര്‍ ആയിരിക്കുമെന്ന് അറിയിച്ചപ്പോള്‍ ഡ്രൈവര്‍ കോള്‍ സെന്ററില്‍ വിളിച്ചു. പണം മുഴുവന്‍ വാങ്ങണമെന്നും അല്ലതെ യാത്രക്കാരനെ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കരുതെന്നുമായിരുന്നു മറുപടി. 103 രൂപ നല്‍കാമെന്ന് പ്രവീണ്‍ അറിയിച്ചുവെങ്കിലും ബാക്കി തുക കമ്പനി തന്റെ പക്കല്‍ നിന്ന് ഈടാക്കുമെന്ന് പറഞ്ഞ് ഡ്രൈവര്‍ വിസമ്മതിച്ചു. 

തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് പോകാനായി തീരുമാനം. പൊലീസ് സ്റ്റേഷനില്‍ പോകാനുള്ള പണവും യാത്രക്കാരന്‍ നല്‍കണമെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും പ്രവീണ്‍ സമ്മതിച്ചില്ല. ഒടുവില്‍ സ്വന്തം ചിലവില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കാമെന്നായി. സംഭവം മുഴുവന്‍ കേട്ട പൊലീസുകാര്‍ 103 രൂപ മാത്രം നല്‍കി പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് ഏറെ വൈകിയാണ് സംഭവം സാങ്കേതിക പിഴവാണെന്ന് യൂബര്‍ മനസിലാക്കിയത്. ഡ്രൈവര്‍ നിസ്സഹായനായിരുന്നെങ്കിലും യൂബറിന്റെ അനാസ്ഥ മൂലം തന്റെ വിലപ്പെട്ട സമയമാണ് നഷ്ടമായതെന്ന് പ്രവീണ്‍ പ്രതികരിച്ചു.