ഇരുപത്തിയഞ്ചുകാരിയായ വനിതാ യാത്രക്കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്ത യൂബര്‍ ഡ്രൈവറെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രേം കുമാര്‍ എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാള്‍ കാറിന്റെ ഉടമയാണ്. സ്ഥിരം ഡ്രൈവര്‍ വരാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ ഡ്രൈവറായത്. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് സംഭവം. ദില്ലിയിലേക്കുള്ള വിമാനത്തില്‍ പോകാന്‍വേണ്ടി രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് യൂബര്‍ ബുക്ക് ചെയ്തു. വിമാനത്താവളത്തിലേക്ക് വരവെ, കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടശേഷം, ഡ്രൈവര്‍ പാന്റിന്റെ സിബ് ഊരി സ്വയംഭോഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. വിമാനം നഷ്‌ടമാകാതിരിക്കാന്‍, യുവതി യാത്ര തുടരുകയായിരുന്നു. പിന്നീട് ദില്ലിയില്‍ ഇറങ്ങിയശേഷം സഫ്‌ദര്‍ജംഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഈ പരാതി ഹൈദരാബാദ് പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രേംകുമാര്‍ പിടിയിലായത്.