ഒരു നിയന്ത്രണവുമില്ലാതെ ഊബറിലേക്ക് പുതിയ വാഹനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മൂലം നിലവിലുള്ളവര്‍ക്ക് ഓട്ടം കിട്ടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. വരുമാനം കുറഞ്ഞത് മൂലം ഏഴ് മുതല്‍ പത്ത് ലക്ഷം രൂപ വരെ വായ്പ എടുത്ത് വാഹനങ്ങള്‍ നിരത്തിലിറക്കിയവര്‍ക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ്. ഒരു വാഹനത്തിന് ചുരുങ്ങിയത് 20 ട്രിപ്പ് ലഭിക്കുന്ന വിധത്തില്‍ ഊബര്‍ സര്‍വീസ് ക്രമീകരിക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

 12 മണിക്കൂര്‍ തുടര്‍ച്ചയായി ഓണ്‍ലൈനായി ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് മിനിമം വേതനം കമ്പനി നല്‍കണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍മാരെ ഊബര്‍ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് മറ്റൊരാവശ്യം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കൊച്ചിയിലെ ഊബര്‍ ഓഫീസ് ഡ്രൈവര്‍മാര്‍ ഉപരോധിച്ചു. 

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. OTDU പ്രസിഡന്റ് അഡ്വ.ടി.ആര്‍.എസ് കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. രണ്ട് വര്‍ഷം മുമ്പ് ഊബര്‍ കേരളത്തില്‍ സര്‍വീസ് തുടങ്ങുന്‌പോള്‍ ആകര്‍ഷകമായ വാഗ്ദാനമാണ് നല്‍കിയിരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കമ്പനിയിപ്പോള്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. ഒത്തുതീര്‍പ്പിന് ഊബര്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്താനാണ് തൊഴിലാളികളുടെ തീരുമാനം.