കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസിൽ അഡ്വ.സി പി ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ജോണി, രഞ്ജിത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഉദയഭാനുവിന്‍റെ ഭാര്യയുടെ അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച മുതല് നാല് ദിവസത്തേക്ക് ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ചാലക്കുടി രാജീവ് വധക്കേസിൽ ഏഴാം പ്രതിയാണ് സിപി ഉദയഭാനു. സെപ്തംബര്‍ 29 നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
റിയല്‍ എസ്റ്റേറ്റിലെ സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കൊല്ലപ്പെട്ട രാജീവും ഉദയഭാനുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും പാലക്കാട്ട് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയ പണം ഇടപാട് നടക്കാത്തതിനെത്തുടര്‍ന്ന് തിരികെ ലഭിക്കാന്‍ ഉദയഭാനു ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഉദയഭാനുവിനെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് അറസ്റ്റ് ചെയ്തത്.
