ഉദയകുമാർ ഉരുട്ടികൊല: 13 വര്‍ഷത്തിനു ശേഷം 12ന് വിധി
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടികൊല കേസിൽ വിചാരണ പൂർത്തിയായി. ആറ് പൊലീസുദ്യോഗസ്ഥർ പ്രതിയായ കേസിൽ 13 വര്ഷത്തിനു ശേഷമാണ് വിചാരണ പൂർത്തിയായത്. കേസിൽ തിരുവനന്തപുരം സിബിഐ കോടതി ഈ മാസം 12ന് വിധി പറയും.
മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്ഐ, സിഐ, ഫോർട്ട് അസിസ്റ്റ് കമ്മീഷണർ എന്നിവർ ചേർന്ന് ഗൂഢാലചന നടത്തുകയും വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും സിബിഐ കണ്ടെത്തി.
അജിത് കുമാർ, ഇകെ സാബു, ഹരിദാസ് എന്നി ഉന്നത ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികള്. വിചാരണക്കിടെ മൂന്നാം പ്രതി സോമൻ മരിച്ചു. കേസിലെ നാലാം പ്രതിയാക്കിയ ഫോർട്ട് സ്റ്റേഷനിലെ എഎസ്ഐ ശശിധരനെ സിബിഐ മാപ്പു സാക്ഷിയാക്കി. എഎസ്ഐ ഉള്പ്പെടെ ഫോർട്ട് സ്റ്റേഷനിലുണ്ടായിരുന്ന ആറു പൊലീസുകാർ മാപ്പു സാക്ഷികളായി മൊഴി നൽകി.
47 സാക്ഷികളിൽ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത് പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച് മൂന്നു പൊലീസുകാർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
വിചാരണ വേളയിൽ സാക്ഷികള് കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. കൊലപാതകം, വ്യാജ രേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകള് ചുമത്തി സിബിഐ ഏഴു പേർക്കെതിരെ കുറ്റപത്രം സമപ്പിച്ചു. നാല് മാസ നീണ്ട വിചാരണയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.
