ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. ശബരിമല പ്രശ്നത്തിൽ നിയമനിർമ്മാണം ആവശ്യപ്പെട്ട് എം.വിൻസെൻറ് നൽകിയ സ്വകാര്യ ബില്ലിന് സ്പീക്കർ അനുമതി നിഷേധിച്ചു. അന്തരിച്ച എംഎൽഎ പി.ബി.അബ്ദുൾ റസാഖിന് ആദരാഞ്ജലി അർപ്പിച്ച് സഭയുടെ ആദ്യ ദിനം പിരിഞ്ഞു.
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. ശബരിമല പ്രശ്നത്തിൽ നിയമനിർമ്മാണം ആവശ്യപ്പെട്ട് എം വിൻസെൻറ് നൽകിയ സ്വകാര്യ ബില്ലിന് സ്പീക്കർ അനുമതി നിഷേധിച്ചു. ശബരിമല വിഷയത്തില്‍ യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാൻ തീരുമാനം. നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കും വരെ പ്രതിഷേധം തുടരും.
നാളെ മുതൽ ശബരിമല വിഷയം സർക്കാരിനെതിരെ യുഡിഎഫ് ആയുധമാക്കും. അതേ സമയം സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഭരണഘടനാ ബാധ്യതയും കോൺഗ്രസ്സ് നേതാക്കൾക്കിടയിലെ ഭിന്ന സ്വരവുമാകും സർക്കാരിന്‍റെ പ്രതിരോധം. അതിനിടെയാണ് യുവതീ പ്രവേശന വിധിക്കെതിരെ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് എം വിൻസെറ് നൽകിയ സ്വകാര്യ ബില്ല് സ്പീക്കർ തള്ളിയത്.
ശബരിമല വിശ്വാസികളെ പ്രത്യേക മതമായി കണക്കാക്കി ആചാര സംരക്ഷണത്തിന് നിയമ നിർമ്മാണം വേണമെന്നായിരുന്നു ആവശ്യം. സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ ആവശ്യം പരിഗണിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. നിയമവകുപ്പിനും സാമന അഭിപ്രായമാണെന്നും മറുപടിയിൽ പറയുന്നു. ആദ്യ ദിനം അന്തരിച്ച എംഎൽഎ പിബി അബ്ദുൾ റസാഖിന് നിയമസഭ ആദരാജ്ഞലി അർപ്പിച്ചു.
