കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് എട്ടും കേരള കോണ്‍ഗ്രസ്സിന് ആറ് അംഗങ്ങളുമാണുള്ളത്. നിലവിലെ ധാരണയനുസരിച്ച് ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസ്സിനും പിന്നീട് കേരള കോണ്‍ഗ്രസ്സിനുമാണ് ഭരണം. മുന്നണി ബന്ധം മുറിച്ചാല്‍ ഭരണം മാറും. ഇടുക്കിയില്‍ കോണ്‍ഗ്രസ്സിന് എട്ടും കേരള കോണ്‍ഗ്രസ്സിന് രണ്ടും അംഗങ്ങളുണ്ട്‍. കേരള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സിനും പ്രതിപക്ഷത്തും എട്ട് അംഗങ്ങള്‍ വീതമാകും. കോട്ടയം ജില്ലയിലെ പാല, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി നഗരസഭകളില്‍ കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് പോര് കനത്താല്‍ ഭരണമാറ്റമുണ്ടാകും. ഇടുക്കിയിലെ രണ്ട് നഗരസഭകളായ കട്ടപ്പനയിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് വിചാരിച്ചാല്‍ കോണ്‍ഗ്രസ് കസേരയിളക്കാം. 

പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭയിലും അട്ടിമറി നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും 32 ഗ്രാമ പഞ്ചായത്തുകളിലും സ്വതന്ത്രരെയും ഇടത് മുന്നണിയേയും ഒപ്പം കൂട്ടി യു.ഡി.എഫ് ഭരണത്തിന് മാറ്റമുണ്ടാക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിയും. ത്രിതല പഞ്ചയാത്തുകളില്‍ യു.ഡി.എഫ് ബന്ധം വിടില്ലെന്ന പ്രഖ്യാപനത്തോടെ താഴേ തട്ടിലുണ്ടാകുന്ന പ്രശ്നങ്ങളുടെ പഴി കോണ്‍ഗ്രസ്സിനിരിക്കട്ടെയെന്ന തന്ത്രമാണ് കേരള കോണ്‍ഗ്രസ് പയറ്റുന്നത്. രാഷ്‌ട്രീയ കാരണങ്ങളില്ലാതെ മുന്നണിവിട്ട കേരള കോണ്‍ഗ്രസ്സിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശക്തമായി രംഗത്തെത്തിയതോടെ താഴേ തട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിരോധം വിട്ട് ആക്രമണത്തിലേക്ക് നീങ്ങുകയാണ്.