യുഡിഎഫിന്‍റെ രാഷ്ട്രീയ അടിത്തറ ഇളക്കുന്ന ജനവിധിയാണ് ചെങ്ങന്നൂരിലേത് യുഡിഎഫിലേയ്ക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പിക്കുന്ന ഫലം മുന്നണിയുടെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്നു
ചെങ്ങന്നൂര്: യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ ഇളക്കുന്ന ജനവിധിയാണ് ചെങ്ങന്നൂരിലേത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ചേരി മാറിയ പരമ്പരാഗത വോട്ടുകള് അനുകൂല അന്തരീക്ഷത്തിൽ പോലും യു.ഡി.എഫിലേയ്ക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പിക്കുന്ന ഫലം മുന്നണിയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നു.
നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ലിറ്റ്മെസ് ടെസ്റ്റായ ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം അനിവാര്യമായിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ പരമ്പരാഗത വോട്ടുകളിൽ ഒരു പങ്ക് ഏതാണ്ട് നേര്പകുതിയായി ഇടതു മുന്നണിയിലേയ്ക്കും ബി.ജെ.പിയിലേയ്ക്കും വഴി പിരിഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്ഇടതു മുന്നണിയിലേയ്ക്കും ഭൂരിപക്ഷ വോട്ടുകള് ബി.ജെ.പിയിലേയ്ക്കും. ഇടതു മുന്നണിയെ തോല്പിക്കുന്നതിനൊപ്പം ബിജെപിയുടെ കടന്നുകയറ്റം തടയുക എന്ന ദ്വിമുഖ തന്ത്രം പയറ്റി ജയിക്കുകയെന്ന വെല്ലുവിളിയാണ് യു.ഡി.എഫ് മുന്നിലുണ്ടായിരുന്നത്.
ചെങ്ങന്നൂരാകട്ടെ അത് തെളിയിക്കേണ്ടിയിരുന്ന ഇടവും. പക്ഷേ യു.ഡി.എഫ് ദയനീയമായി തോറ്റു. മലപ്പുറം,വേങ്ങര ഈസി വാക്ക് ഒാവറുകള്ക്കു ശേഷം യഥാര്ഥ ഉപതിരഞ്ഞെടുപ്പ് സ്വന്തം മണ്ഡലമായ ചെങ്ങന്നൂരിൽ നേരിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കനത്ത തോല്വി. അതും അനൂകൂല രാഷ്ട്രീയ അന്തരീക്ഷമുണ്ടായിരിന്നിട്ടും. രാഷ്ട്രീയ സാമുദായിക ഘടകങ്ങളെ ഏകോപിപ്പിച്ച്, മുന്നണിയെ തിരഞ്ഞെടുപ്പിൽ സജ്ജമാക്കുന്നതിൽ പ്രതിപക്ഷ നേതാവിനുള്ള ശേഷിയാണ് ചോദ്യം ചെയ്യപ്പെടുന്നത്
തമ്പടിച്ച് പ്രവര്ത്തിച്ചെങ്കിലും ന്യൂനപക്ഷ വോട്ടുകള് തിരികെ കൊണ്ടു വരാൻ ഉമ്മന്ചാണ്ടിക്കും ആയില്ല. ഉമ്മന്ചാണ്ടിയ്ക്ക് ദേശീയ നേതൃനിരയിലേയ്ക്ക് നല്കിയ പ്രൊമോഷൻ ഒതുക്കലാണമെന്ന് സംശയവും ബാധിച്ചു. ആന്റണിയുടെ അടവുകളും ഫലിച്ചില്ല.
കെ.എം മാണിയെ ഒപ്പം കൂട്ടിയിട്ടും വിധി മാറിയില്ല. ചെങ്ങന്നൂര് പോലെ യുഡിഎഫ് തട്ടകത്തിൽ പോലും പരമ്പരാഗത വോട്ടുകള് തുടര്ച്ചായി കൈവിടുന്നുവെന്ന സന്ദേശം യുഡിഎഫിനും കോണ്ഗ്രസിനും ദുസൂചനയാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് കടക്കുമ്പോള് കാര്യങ്ങളൊന്നും പന്തിയില്ലെന്ന സ്ഥിതി. യു.ഡി.എഫ്, കോണ്ഗ്രസ് സംഘടനാ സംവിധാനം അടിമുടി ദുര്ബലമെന്ന് ചെങ്ങന്നൂര് അടിവരയിടുന്നു. മുന്നണിയിലും പാര്ട്ടിയിലും നിര്ണായക രാഷ്ട്രീയ നീക്കങ്ങള്ക്ക് നിര്ബന്ധിക്കുന്നതാണ് ചെങ്ങന്നൂര് വിധി.
