തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ എല്‍ ഡി എഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് യു ഡി എഫ് തീരുമാനം. ഇതുസംബന്ധിച്ചുള്ള തീരുമാനത്തിന് യു ഡി എഫ് അംഗീകാരം നല്‍കി. കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരന്റെ നിലപാട് തള്ളിക്കൊണ്ടാണ് എല്‍ ഡി എഫുമായി യോജിച്ച് സമരത്തിന് ഇറങ്ങാന്‍ യു ഡി എഫ് തീരുമാനിച്ചത്. സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്ന് യു ഡി എഫ് യോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിന് മുന്നോടിയായാണ് യു ഡി എഫ് നേതാക്കള്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിന് മുമ്പ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ വി എം സുധീരനെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം, എല്‍ഡിഎഫുമായുള്ള സംയുക്ത സമരത്തെ വി എം സുധീരന്‍ തള്ളിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സുധീരനെ അനുനയിപ്പിക്കാനാണ്, ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തെക്കണ്ട് ചര്‍ച്ച നടത്തിയത്.
നാളെ നിയമസഭയില്‍ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കാനും യുഡിഎഫ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. സര്‍വകക്ഷി സംഘം ദില്ലിക്ക് പോകും. ദില്ലി ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഭാവി സമരം യുഡിഎഫ് തീരുമാനിക്കും. സുധീരന്റെ നിലപാട് യുഡിഎഫ് തള്ളി.
