3537 വോട്ടിന്റെ ലീഡാണ് ചെന്നിത്തലയിൽ മാത്രം സജി ചെറിയാന് കിട്ടിയത് മാന്നാറിലെ വള്ളക്കാലിൽ ബൂത്തിൽ ഇടതു സ്ഥാനാർഥി 77 വോട്ടിന് മുന്നിലെത്തി
ചെങ്ങന്നൂര്‍: നാടിളക്കി പ്രചാരണം നടത്തിയ കോൺഗ്രസിന് കിട്ടിയ വൻ തിരിച്ചടിയാണ് ചെങ്ങന്നൂരിലേത്. ചെന്നിത്തല പഞ്ചായത്തിലെ തോൽവിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണക്കു പറയേണ്ടതായി വരുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയുടെ കുടുംബ വീടിരിക്കുന്ന മാന്നാറിലെ വള്ളക്കാലിലും സജി ചെറിയാനാണ് മുന്നിലെത്തിയത്
ഇങ്ങനെയൊരു തോൽവി യുഡിഎഫ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല. 2016ൽ ലീഡ് നേടിയ ചെങ്ങന്നൂർ നഗരസഭയടക്കം യുഡിഎഫിനെ കൈവിട്ടത് നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കും. സ്വന്തം പഞ്ചായത്തായ മുളക്കുഴയിൽ ഇടത് സ്ഥാനാർഥി സജി ചെറിയാൻ 3637 വോട്ടിന്റെ ലീഡ് നേടിയപ്പോൾ യു ഡി എഫ് സ്ഥാനാർഥി സ്വന്തം തട്ടകമായ പുലിയൂരിൽ 866 വോട്ടിന് പിന്നിലായി. അതായത് ജന്മനാട്ടിൽ പോലും ഡി. വിജയകുമാറിന് ലീഡ് നേടാനുള്ള പിന്തുണ കിട്ടിയില്ല.
രമേശ് ചെന്നിത്തലയുടെ കാര്യമാണ് അതിലും കഷ്ടം. 2016ൽ എൽ ഡി എഫ് ലീഡ് നേടിയ ചെന്നിത്തല പഞ്ചായത്ത് തിരിച്ചുപിടിച്ചില്ലെങ്കിൽ നാണക്കേടാകുമെന്ന് പ്രതിപക്ഷ നേതാവിനും അറിയാമായിരുന്നു. റോഡ് ഷോയടക്കം വലിയ പ്രചരണം നടത്തിയെങ്കിലും ഏറ്റില്ല. 3537 വോട്ടിന്റെ ലീഡാണ് ചെന്നിത്തലയിൽ മാത്രം സജി ചെറിയാന് കിട്ടിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുബ വീടിരിക്കുന്ന മാന്നാറിലെ വള്ളക്കാലിൽ ബൂത്തിൽ ഇടതു സ്ഥാനാർഥി 77 വോട്ടിന് മുന്നിലെത്തി
10 പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്ന മണ്ഡലമൊന്നാകെ കൈവിട്ടു പോയതിലാണ് യുഡിഎഫിന് ദുഖം. എ കെ ആന്റണിയടക്കം കോൺഗ്രസിന്റ മുതിർന്ന നേതാക്കളെല്ലാം ചെങ്ങന്നൂരിൽ കാംപ് ചെയ്ത് വീടുവീടാന്തരം കയറിയിറങ്ങിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് വ്യക്തമായി.
