കോഴിക്കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് വടക്കൻ മേഖലാ യോഗം ഇന്ന് കോഴിക്കോട് ചേരും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഉപതെരെഞ്ഞെടുപ്പ് ഫലവും യോഗത്തിൽ ചർച്ചയാകും . തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ മുസ്ളീം ലീഗ് നേതൃയോഗവും ഇന്ന് കോഴിക്കോട് ചേരുന്നുണ്ട്.
സോളാർ കമ്മിഷൻ റിപ്പോർട്ട് വന്ന ശേഷം ആദ്യമായാണ് യു.ഡി.എഫ് നേതൃയോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന പടയൊരുക്കം യാത്രയാണ് വടക്കൻമേഖലാ യോഗത്തിന്‍റെ മുഖ്യ അജൻഡ എങ്കിലും സോളാർ റിപ്പോർട്ടും വേങ്ങര തെരഞ്ഞെടുപ്പ് ഫലവും ചർച്ചാകും. സോളാർ കമ്മിഷൻ റിപ്പോർട്ടിനെ രാഷ്ട്രീയ ആയുധമാക്കുന്ന സർക്കാർ നീക്കത്തെ യോജിച്ച് ചെറുക്കാനുള്ള തന്ത്രങ്ങൾക്കും രൂപം നൽകിയേക്കും.
അതേ സമയംഈ വിഷയത്തിൽ കോൺഗ്രസ്സിൽ ഉയർന്ന വ്യത്യസ്ത അഭിപ്രായങ്ങളും യോഗം പരിശോധിക്കും.വേങ്ങരയിൽ പരമ്പരാഗത ലീഗ് വോട്ടുകൾ ഇടത് പക്ഷത്തേക്ക് ചോർന്നുവെന്നാണ് വിലയിരുത്തൽ.സ്ഥാനാർത്ഥിയെ ചൊല്ലി തുടക്കത്തിലുണ്ടായ ആശയകുഴപ്പവും അനൈക്യവുമെല്ലാം ഭൂരിപക്ഷം കുറയാൻ കാരണമായെന്നും നേതൃത്വം കരുതുന്നു.
അതേസമയം വേങ്ങര തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തനായി ലീഗ് നേതൃവും കോഴിക്കോട് ചേരുന്നുണ്ട്. ന്യൂനപക്ഷ വിഷയങ്ങള്‍ ഉയര്‍ർത്തിക്കാട്ടി സിപിഎമ്മും, എസ്ഡിപിഐയും നടത്തിയ പ്രചാരണം ലീഗിന് ക്ഷീണമായെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. യുവാക്കള്‍ക്ക് അവസരം നിഷേധിച്ചതിലുള്ള യൂത്ത് ലീഗിന്‍റെ അതൃപ്തി ഭൂരിപക്ഷം കുറയാൻ കാരണമായോയെന്ന് ലീഗ് സംശയിക്കുന്നു.ഇതോടൊപ്പം യൂത്ത് ലീഗ് നേതൃ യോഗവും ഇന്ന് ചേരുന്നുണ്ട്. യുഡിഎഫ് യോഗത്തിൽ ഉന്നതാധികാര സമിതി അംഗങ്ങളും 6 ജില്ലകളിൽ നിന്നുള്ള ജില്ലാ നേതാക്കളും പങ്കെടുക്കും.
